ഭോജ്ശാല ക്ഷേത്രം-കമൽ മൗല മസ്ജിദ് സമുച്ചയത്തിൽ സർവേ നടത്തിയത് സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ആരോപണം
national news
ഭോജ്ശാല ക്ഷേത്രം-കമൽ മൗല മസ്ജിദ് സമുച്ചയത്തിൽ സർവേ നടത്തിയത് സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th June 2024, 4:59 pm

ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല ക്ഷേത്രം-കമൽ മൗല മസ്ജിദ് സമുച്ചയത്തിൽ സർവേ നടത്തുന്നതിന് ചുമതലപ്പെടുത്തിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചതായി പരാതി. പ്രദേശത്തെ പ്രധാന മുസ്‌ലിം പണ്ഡിതനായ വഖാർ സാദിഖ് ആണ് സംഭവത്തിൽ  പരാതി അറിയിച്ചത്.

മധ്യ കാലഘട്ടത്തിൽ നിർമിച്ച ഈ ആരാധനാലയം മുസ്‌ലിങ്ങളും ഹിന്ദുക്കളും ഒരു പോലെ പ്രാർത്ഥനക്കുള്ള ഇടമായി കാണുന്നു. വാഗ് ദേവിയുടെ (സരസ്വതി) ക്ഷേത്രമാണെന്ന് ഹിന്ദുക്കളും കമൽ മൗല മസ്ജിദാണെന്ന് മുസ്‌ലിങ്ങളും കരുതുന്നു.

ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ചാണ് മസ്ജിദ് നിർമിച്ചതെന്ന് അവകാശപ്പെട്ട്  ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ ഹരജിയിൽ സർവേ നടത്താൻ മാർച്ച് 11ന് മധ്യപ്രദേശ് ഹൈക്കോടതി ഏജൻസിയോട് നിർദ്ദേശിച്ചിരുന്നു.

കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ സർവേയർമാർ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടറുടെ മുൻകൂർ അനുമതിയില്ലാതെ ഖനനം നടത്തരുതെന്നും  ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ 98 ദിവസം നീണ്ടു നിന്ന സർവേയിൽ കോടതി നിർദേശങ്ങൾ ലംഘിച്ചതായി മുസ്‌ലിം പണ്ഡിതൻ പറഞ്ഞു.

ഒരു ഹിന്ദു ദേവൻ്റെ തകർന്ന പ്രതിമ ഉൾപ്പെടെ നിരവധി ഹിന്ദു പുരാവസ്തുക്കൾ സർവേയിൽ കണ്ടെത്തിയതായി കേസിലെ ഹരജിക്കാരനായ ആശിഷ് ഗോയൽ വ്യാഴാഴ്ച എ.എൻ.ഐയോട് പറഞ്ഞു.

ഇക്കാര്യത്തിൽ പ്രതികരിക്കാൻ തനിക്ക് അധികാരമില്ലെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ലോക്കൽ കൺസർവേഷൻ അസിസ്റ്റൻ്റ് പ്രശാന്ത് പടങ്കർ പറഞ്ഞു.

Content Highlight: ‘SC guidelines violated during survey of Bhojshala temple-Kamal Maula mosque,’ alleges Muslim cleric