അഞ്ച് പെണ്‍മക്കളെ കൊന്നയാളുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു
India
അഞ്ച് പെണ്‍മക്കളെ കൊന്നയാളുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th August 2013, 12:15 pm

[]ന്യൂദല്‍ഹി: അഞ്ച് പെണ്‍മക്കളെ കൊന്നയാളുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. []

മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ അഞ്ച് പെണ്‍മക്കളെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ  മംഗന്‍ലാല്‍ ബരേലയുടെ വധശിക്ഷയാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്.

ഇദ്ദേഹത്തിന്റെ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസായ സദാശിവനാണ് ഇയാളുടെ വധശിക്ഷ സ്റ്റേ ചെയ്തത്

ഇന്നലെ രാത്രി വൈകിയാണ് വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിക്കുന്നത്.

ഇദ്ദേഹത്തിന്റെ വധശിക്ഷ ഇന്ന് രാവിലെ 10:30 നായിരുന്നു നടപ്പാക്കേണ്ടിയിരുന്നത്.

കേസിലെ പ്രതിയായ  മംഗന്‍ലാല്‍ ബരേല ബദല്‍പ്പൂരിലെ സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോഴുള്ളത്. 2013 ജൂണ്‍ 22 ന് മംഗന്‍ലാലിന്റെ ദയാഹരജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തള്ളിയിരുന്നു.

ഇതിനെത്തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചത്. മുംബൈ സ്‌ഫോടനക്കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിക്കൊന്ന ആരാച്ചാരിനെയാണ് ശിക്ഷ നടപ്പാക്കാന്‍ നിയോഗിച്ചത്.

എന്നാല്‍ ഇന്നുരാവിലെയാണ് സുപ്രീംകോടതി മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വധശിക്ഷ റദ്ദാക്കിയത്.

രണ്ടു ഭാര്യമാരുമായുള്ള സ്വത്തു തര്‍ക്കത്തെത്തുടര്‍ന്ന് 2010ലാണ് മംഗള്‍ലാല്‍ അഞ്ച് പെണ്‍മക്കളെയും കഴുത്തറുത്ത് കൊന്നത്.  ലീല (6), സവിത (5), ആരതി (4), ഫൂല്‍ കന്‍വര്‍ (2), യമുന (1) എന്നിവരെയാണ് കൊന്നത്.