ഇന്ദു മല്‍ഹോത്രയുടെ പരാമര്‍ശം വ്യക്തിപരം; വരുമാനം ലക്ഷ്യമിട്ട് ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന വാദം തള്ളി യു.യു. ലളിത്
ന്യൂദല്‍ഹി: ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം ലക്ഷ്യമിട്ട് അവ ഏറ്റെടുക്കാന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന സുപ്രീംകോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പരാമര്‍ശം തള്ളി മുന്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിത്.
ഇന്ദു മല്‍ഹോത്രയുടെ പരാമര്‍ശം വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണെന്നായിരുന്നു യു.യു. ലളിതിന്റെ പ്രതികരണം.
ഹിന്ദു ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമങ്ങളെ താനും ജസ്റ്റിസ് യു.യു. ലളിതും ചേര്‍ന്നാണ് തടഞ്ഞതെന്നായിരുന്നു തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്ര സന്ദര്‍ശനത്തിനിടെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞത്.
ഇതാണ് യു.യു. ലളിത് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിലും നടത്തിപ്പിലും തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചുകൊണ്ട് ഉത്തരവിട്ടത് നിയമം പരിഗണിച്ചാണ്. തിരുവിതാംകൂര്‍- കൊച്ചി ഹിന്ദു ആരാധനലായ നിയമത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് പത്മനാഭസ്വാമി ക്ഷേത്രം ഭരണത്തിലുള്ള അധികാരത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
ഈ കാരണങ്ങള്‍ പരിഗണിച്ചും കേസുമായി ബന്ധപ്പെട്ട സവിശേഷമായ വസ്തുതകളും നിയമവും പരിശോധിച്ചാണ് വിധി പുറപ്പെടുവിച്ചതെന്നും മുന്‍ ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചതിന് പിന്നാലെ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു യു.യു. ലളിതിന്റെ പ്രതികരണം.
പത്മനാഭസ്വാമി ക്ഷേത്ര ഭരണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണെന്ന വിധി യു.യു. ലളിതും ഇന്ദു മല്‍ഹോത്രയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ചായിരുന്നു 2020 ജൂലൈ 13ന് പ്രസ്താവിച്ചത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ഇന്ദു മല്‍ഹോത്രയുടെ വിവാദ പരാമര്‍ശം.
വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കാന്‍ ശ്രമിക്കുന്നു. ഹിന്ദു ക്ഷേത്രങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ ഏറ്റെടുക്കുന്നത്.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തില്‍ കയ്യേറ്റ ശ്രമം നടന്നു. താനും ചീഫ് ജസ്റ്റിസ് യു.യു. ലളിതും ചേര്‍ന്ന് അത് അവസാനിപ്പിച്ചെന്നുമായിരുന്നു ക്ഷേത്രത്തിന് മുന്നില്‍വെച്ച് തന്നെ കാണാനെത്തിയവരോട് സംസാരിക്കവെ ഇന്ദു മല്‍ഹോത്ര പറഞ്ഞത്.
ഇവര്‍ സംസാരിക്കുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ശബരിമല യുവതീ പ്രവേശന വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചിലും ഇന്ദു മല്‍ഹോത്ര അംഗമായിരുന്നു.
Content Highlight: SC former chief justice UU Lalit reject Indu Malhotra’s statement on Hindu temples