വിദ്യാർത്ഥിയുടെ സ്കോളർഷിപ് തടഞ്ഞു, തെലങ്കാന സർക്കാരിന് ഒരുലക്ഷം രൂപ പിഴയിട്ട് സുപ്രീം കോടതി
national news
വിദ്യാർത്ഥിയുടെ സ്കോളർഷിപ് തടഞ്ഞു, തെലങ്കാന സർക്കാരിന് ഒരുലക്ഷം രൂപ പിഴയിട്ട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th December 2024, 11:06 am

ഹൈദരാബാദ്: വിദ്യാർത്ഥിയുടെ സ്കോളർഷിപ് തടഞ്ഞ കേസുമായി ബന്ധപ്പെട്ട് തെലങ്കാന സർക്കാരിന് ഒരു ലക്ഷം രൂപ പിഴയിട്ട് സുപ്രീം കോടതി. തെലങ്കാനയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി അംബേദ്കർ വിദേശ വിദ്യാഭ്യാസ ഫണ്ടിന് കീഴിൽ സഹായത്തിനായി അപേക്ഷിച്ച കേസിലാണ് ഈ തീരുമാനമുണ്ടായത്.

വിദ്യാർഥിയുടെ പിതാവിൻ്റെ വാർഷിക വരുമാനം രണ്ട് ലക്ഷം കവിഞ്ഞെന്ന് ചൂണ്ടിക്കാട്ടി സർക്കാർ അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെ വിദ്യാർത്ഥിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു.

ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം, വിദ്യാർത്ഥിക്ക് 2023ലേക്ക് 10 ലക്ഷം രൂപ സ്കോളർഷിപ്പ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.

എന്നാൽ, 161 ദിവസത്തിന് ശേഷം തെലങ്കാന സർക്കാർ ഈ വിധിയെ ചോദ്യം ചെയ്ത് കോടതിയിൽ ഹരജി സമർപ്പിക്കുകയായിരുന്നു. എന്നാൽ ഈ വർഷം സെപ്തംബർ ഒമ്പതിന് ഹൈക്കോടതി ഈ ഹരജി തള്ളി. തുടർന്ന് സംസ്ഥാന സർക്കാർ ഒക്ടോബർ 19ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

ജസ്റ്റിസുമാരായ പർദിവാല, ആർ മഹാദേവൻ എന്നിവർക്ക് മുമ്പാകെ നടന്ന വാദത്തിനിടെ, ഹൈക്കോടതിയിൽ റിട്ട് ഹരജി സമർപ്പിക്കുന്നതിൽ തെലങ്കാന സർക്കാർ 161 ദിവസം വൈകിയതിൽ സുപ്രീം കോടതി അമർഷം പ്രകടിപ്പിച്ചു. തുടർന്ന്, ഹരജി തള്ളുകയും സംസ്ഥാന സർക്കാരിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

 

 

Content Highlight: SC fines Telangana govt Rs 1 lakh over student’s scholarship