ഫാറൂഖ് അബ്ദുള്ളയുടെ മോചനം; വൈക്കോയുടെ ഹരജി സുപ്രീം കോടതി തള്ളി
India
ഫാറൂഖ് അബ്ദുള്ളയുടെ മോചനം; വൈക്കോയുടെ ഹരജി സുപ്രീം കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th September 2019, 12:33 pm

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കല്‍ ചോദ്യം ചെയത് എം.ഡി.എം.കെ നേതാവ് വൈക്കോ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. ഹരജിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്.

പൊതുസുരക്ഷാ നിയമപ്രകാരം അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തതാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഉചിതമായ ഫോറത്തിന് മുന്‍പില്‍ പ്രസ്തുത നടപടി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി വൈക്കോയുടെ ഹരജി തള്ളിയത്.

ഈ മാസം 15ന് ചെന്നൈയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫാറൂഖ് അബ്ദുള്ളയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വൈക്കോ സുപ്രിം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയത്.

ചെന്നൈയില്‍ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട അബ്ദുള്ളയെ പിന്നീട് തനിക്ക് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് 12 പേജുള്ള ഹരജിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി സി.എന്‍ അണ്ണാദുരൈയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫാറൂഖ് അബ്ദുള്ള സമ്മതിച്ചിരുന്നതായും കശ്മീരില്‍ വീട്ടുതടങ്കലിലായതിനാല്‍ പിന്നീട് അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും വൈക്കോ വ്യക്തമാക്കിയിരുന്നു.

നേരത്തെയുള്ള സമ്മേളനങ്ങളിലും ഫാറൂഖ് അബ്ദുള്ള പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു വെക്കോയുടെ ആവശ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ