| Saturday, 30th November 2024, 7:45 am

ക്ഷേത്രങ്ങളിൽ വിതരണം ചെയ്യുന്ന പ്രസാദത്തിൻ്റെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന ഹരജി തള്ളി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ക്ഷേത്രങ്ങളിൽ വിതരണം ചെയ്യുന്ന പ്രസാദത്തിൻ്റെയോ അന്നദാനത്തിൻ്റെയോ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിശോധിക്കാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി.

ക്ഷേത്രങ്ങളിൽ സുരക്ഷിതമായ ഗുണമേന്മയുള്ള പ്രസാദം മാത്രമേ വിതരണം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്താൻ ഇന്ത്യ മുഴുവനുമുള്ള നിയമം  ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹരജി (PIL) സുപ്രീം കോടതി വെള്ളിയാഴ്ച തള്ളുകയായിരുന്നു.

ഹരജിയിലെ നയങ്ങൾ സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്നതിനാലാണ് സുപ്രീം കോടതി ഹരജി പരിഗണിക്കാൻ വിസമ്മതിച്ചത്. ‘ഹരജിയിലെ ആവശ്യങ്ങൾ സംസ്ഥാനത്തിൻ്റെ നയ പരിധിയിൽ വരുന്നതിനാൽ ഈ ഹരജി പരിഗണിക്കാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നില്ല,’ സുപ്രീം കോടതി പറഞ്ഞു.

ഇത്തരം ആശങ്കകൾ പരിഹരിക്കുന്നതിന് 2006ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം ഹരജിക്കാരന് പരിഹാരങ്ങൾ തേടാമെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ് , കെ. വി. വിശ്വനാഥൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

ക്ഷേത്രങ്ങളിലെ അനിയന്ത്രിതമായ പ്രസാദവിതരണം മൂലമുണ്ടാകുന്ന അപകടസാധ്യതകൾ പരിഹരിച്ച് പൊതുജനാരോഗ്യം ഉറപ്പാക്കുക മാത്രമാണ് ഹരജി ലക്ഷ്യമിടുന്നതെന്ന് ഹരജിക്കാരനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ ദാമ എസ്. നായിഡു ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കി.

‘എന്തിനാണ് ഇത് പ്രസാദത്തിൽ മാത്രം ഒതുക്കുന്നത്? ഹോട്ടലുകളിലെ ഭക്ഷണം, പലചരക്ക് കടകളിൽ നിന്ന് ഞങ്ങൾ വാങ്ങുന്ന ഭക്ഷണ സാധനങ്ങൾ എന്നിവയ്ക്കായി ഫയൽ ചെയ്യുക. അവിടെയും മായം കലർന്നേക്കാം,’ ബെഞ്ച് അഭിപ്രായപ്പെട്ടു.

മുൻ പാർലമെൻ്റ് അംഗം ഡോ. ​​സുബ്രഹ്മണ്യൻ സ്വാമി, വൈ.എസ്.ആർ കോൺഗ്രസ് നേതാവും തിരുമല തിരുപ്പതി ദേവസ്ഥാനം മുൻ ചെയർപേഴ്‌സണുമായ വൈ. വി. സുബ്ബ റെഡ്ഡി, ചരിത്രകാരൻ വിക്രം സമ്പത്ത്, വേദ പ്രഭാഷകൻ ദുഷ്യന്ത് ശ്രീധർ, സുദർശൻ വാർത്താ അവതാരകൻ സുരേഷ് ചവാങ്കെ എന്നിവരാണ് ഈ കേസിലെ ഹരജിക്കാർ.

Content Highlight:  SC dismisses plea seeking regulation for quality of ‘prasad’ distributed in temples

Latest Stories

We use cookies to give you the best possible experience. Learn more