| Tuesday, 28th November 2023, 3:55 pm

ഇത്രയും ഇടുങ്ങിയ ചിന്താഗതി പാടില്ല; പാകിസ്ഥാന്‍ കലാകാരന്‍മാര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നത് വിലക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാകിസ്ഥാനില്‍ നിന്നുള്ള കലാകാരമാരെ ഇന്ത്യയില്‍ അഭിനയിക്കുന്നതില്‍ നിന്നും ജോലി ചെയ്യുന്നതില്‍ നിന്നും വിലക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി. ഇടുങ്ങിയ ചിന്താഗതിക്കാരനാകരുതെന്ന് ഹരജിക്കാരനോട് കോടതി പറഞ്ഞു.

സിനിമാ പ്രവര്‍ത്തകനും കലാകാരനും ആണെന്നവകാശപ്പെടുന്ന ഫായിസ് അന്‍വര്‍ ഖുറേശി സമര്‍പ്പിച്ച ഹരജി നേരത്തെ ഹൈകോടതി തള്ളിയിരുന്നു. ഈ ഉത്തരവില്‍ ഇടപെടാന്‍ താത്പര്യമില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍ ഭാട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൊവ്വാഴ്ച പറഞ്ഞു.

‘നിങ്ങള്‍ ഈ അപ്പീല്‍ അടിച്ചേല്‍പ്പിക്കരുത്.അത്ര ഇടുങ്ങിയ ചിന്താഗതി പാടില്ല,’ബെഞ്ച് പറഞ്ഞു.

ഹരജിക്കാരനെതിരെ േൈഹകാടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീം കോടതി നിരസിച്ചു.

ഇന്ത്യന്‍ പൗരന്മാരുടെ കമ്പനികള്‍, സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍ എന്നിവയില്‍ ഗായകര്‍, സിനിമാ പ്രവര്‍ത്തകര്‍, സംഗീതജ്ഞര്‍, ടെക്‌നീഷ്യന്‍മാര്‍ തുടങ്ങിയ പാകിസ്ഥാനി കലാകാരന്മാര്‍ക്ക് ജോലി നല്‍കുകയോ അവരില്‍ നിന്ന് സേവനങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്നത് വിലക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടണമെന്നായിരുന്നു ഹരജി.

സാംസ്‌കാരിക സൗഹാര്‍ദം, ഐക്യം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണിതെന്നും ഇതുകൊണ്ട് യാതൊരു ഗുണവും ഇല്ലെന്നും ചൂണ്ടിക്കാട്ടി ബോംബെ േൈഹകാടതി ഹരജി തള്ളിയിരുന്നു.

‘ഒരാള്‍ക്ക് രാജ്യസ്‌നേഹി ആകാന്‍ വിദേശത്തുനിന്നുള്ളവരോട് പ്രത്യേകിച്ച്, അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരോട്, ശത്രുത പുലര്‍ത്തേണ്ടതില്ലെന്ന് മനസ്സിലാക്കണം,’ കോടതി പറഞ്ഞു.

ഒരു യഥാര്‍ത്ഥ ദേശസ്‌നേഹി എന്നത് നിസ്വാര്‍ത്ഥനായ ഒരു വ്യക്തിയാണ്, തന്റെ രാജ്യത്തിനുവേണ്ടി അര്‍പ്പണബോധമുള്ളവനാണ്, നല്ല മനസ്സുള്ള വ്യക്തിയാണ്. ഇത് രാജ്യത്തിനകത്തും അതിര്‍ത്തിക്കപ്പുറത്തും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നു ,’കോടതി കൂട്ടിച്ചേര്‍ത്തു.

കല, സംഗീതം, കായികം, സംസ്‌കാരം, നൃത്തം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ദേശീയതക്കും സംസകാരങ്ങള്‍ക്കും രാഷ്ട്രീയത്തിനും അതീതമാണ്. രാജ്യത്തിനകത്തും രാജ്യങ്ങള്‍ക്കിടയിലും സമാധാനവും സൗഹാര്‍ദവും ഐക്യവും കൊണ്ടുവരുന്നവയാണ്,’ േൈഹകാടതി വിധിയില്‍ പറഞ്ഞു.

ഇതുമയി ബന്ധപ്പെട്ട് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്ഥാന്‍ പങ്കെടുത്തതിനെ കുറിച്ചും കോടതി പരാമര്‍ശിച്ചു.

രാഷ്ട്രത്തിന്റെ സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 അനുസരിച്ച് സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച അഭിനന്ദനാര്‍ഹമായ നടപടികളെ കുറിച്ചും കോടതി പരാമര്‍ശിച്ചു.

content highlight : SC dismisses plea seeking ban on Pakistan artists to work in India

We use cookies to give you the best possible experience. Learn more