'ഈ ഹരജി തന്നെ വിഡ്ഡിത്തം'; മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ഹരജി തള്ളി സുപ്രീം കോടതി
Daily News
'ഈ ഹരജി തന്നെ വിഡ്ഡിത്തം'; മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ഹരജി തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2019, 11:43 am

 

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവരാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ എല്ലാ മണ്ഡലങ്ങളിലേയും മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. ഒരു സംഘം സാങ്കേതിക വിദഗ്ധര്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളിയത്.

” സുപ്രീം കോടതിയുടെ സി.ജെ.ഐ ബെഞ്ച് നേരത്തെ തന്നെ ഈ വിഷയത്തില്‍ തീരുമാനം എടുത്തതാണെന്നും വീണ്ടും ഇതേ പരാതി പരിഗണിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഈ ഹരജി തന്നെ വിഡ്ഡിത്തമാണെന്നും ആയിരുന്നു സുപ്രീം കോടതി ഹരജി തള്ളിക്കൊണ്ട് പറഞ്ഞത്.

ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ അവധിക്കാല ബെഞ്ചും ഇന്ന് വിവിപാറ്റുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നുണ്ട്. അന്‍പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹരജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചായിരുന്നു ഹരജി തള്ളിയത്.

50% ബൂത്തുകളിലെ രസീതുകള്‍ ഒത്തുനോക്കണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പു പ്രക്രിയയില്‍ വിശ്വാസം ഉറപ്പാക്കാനും വോട്ടര്‍മാരുടെ തൃപ്തിക്കും 33% ബൂത്തുകളിലെയെങ്കിലും വിവിപാറ്റ് രസീതുകള്‍ ഒത്തുനോക്കണമെന്നു ഹര്‍ജിക്കാര്‍ക്കുവേണ്ടി മനു അഭിഷേക് സിങ്വി വാദിച്ചിരുന്നു. അതു സാധ്യമല്ലെങ്കില്‍ 25% ബൂത്തുകളിലെങ്കിലും ഒത്തുനോക്കല്‍ വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഓരോ ബൂത്തുകളിലേയും 5% വിവിപാറ്റുകള്‍ എണ്ണാമെന്ന് വ്യക്തമാക്കിക്കൊണ്ട് ഏപ്രില്‍ 8നു നല്‍കിയ നിര്‍ദേശം പരിഷ്‌കരിക്കില്ലെന്നു കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ വിധി വന്നശേഷവും ചന്ദ്രബാബു നായിഡു, ഡി.രാജ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പു കമ്മിഷനെ കണ്ട് ആവശ്യം ആവര്‍ത്തിച്ചിരുന്നു.