ന്യൂദല്‍ഹി: ശിക്ഷാ ഇളവ് റദ്ദാക്കിയ ജനുവരി 8 ലെ വിധിയെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളില്‍ മൂന്ന് പേര്‍ സമര്‍പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കാന്‍ സാധ്യമല്ലെന്ന് അറിയിച്ചത്. ഹരജി തീര്‍ത്തും തെറ്റിദ്ധാരണാജനകമാണെന്നും സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ എങ്ങനെയാണ് അപ്പീല്‍ പരിഗണിക്കാന്‍ സാധിക്കുകയെന്നും ബെഞ്ച് ചോദിച്ചു.
‘എന്താണ് ഈ ഹരജിയിലൂടെ നിങ്ങള്‍ ഉദ്ദേശിക്കുന്നത് ? ഈ ഹരജി എങ്ങനെ നിലനില്‍ക്കും? ഇത് തികച്ചും തെറ്റിദ്ധാരണാജനകമാണ്. ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഇത്തരമൊരു ഹരജി ഫയല്‍ ചെയ്യാനാവില്ല. മാത്രമല്ല മറ്റൊരു ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്മേല്‍ ഞങ്ങള്‍ക്ക് അപ്പീല്‍ പരിഗണിക്കാനാവില്ല,’ ബെഞ്ച് പറഞ്ഞു.
തുടര്‍ന്ന് പ്രതികളായ രാധേശ്യാം, ഭഗവാന്‍ദാസ് ഷാ, രാജുഭായ് ബാബുലാല്‍ സോണി എന്നിവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഋഷി മല്‍ഹോത്ര ഹരജി പിന്‍വലിക്കാന്‍ അനുമതി തേടി.
തുടര്‍ന്ന് ഹരജി പിന്‍വലിക്കാന്‍ ബെഞ്ച് അഭിഭാഷകനെ അനുവദിച്ചു. പ്രതികളായ രാധേശ്യാം, ഭഗവാന്‍ദാസ് ഷാ, ഇടക്കാല ജാമ്യത്തിനും അപേക്ഷിച്ചിട്ടുണ്ട്.
ഗുജറാത്ത് സര്‍ക്കാര്‍ തങ്ങളെ വെറുതെ വിട്ട നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് രണ്ടിനാണ് മൂന്ന് പ്രതികളും സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അനുവാദമില്ലെന്ന സുപ്രീം കോടതി വിധി റദ്ദ് ചെയ്യണമെന്നായിരുന്നു പ്രതികള്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്.
2022 ആഗസ്റ്റിലാണ് നല്ല പെരുമാറ്റത്തിന് കേസിലെ 11 പ്രതികളേയും ഗുജറാത്ത് സര്‍ക്കാര്‍ വെറുതെവിട്ടത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളെ വെറുതെ വിടാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നും കേസിലെ 11 പ്രതികളും രണ്ടാഴ്ചക്കകം കീഴടങ്ങണമെന്നും സുപ്രീം കോടതി വിധിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ തങ്ങളുടെ വിവേചനാധികരം ദുരുപയോഗം ചെയ്‌തെന്നും സുപ്രീം കോടതി വിധിയില്‍ കുറ്റപ്പെടുത്തിയിരുന്നു.
2002 ല്‍ നടന്ന ഗുജറാത്ത് കലാപത്തിനിടെയാണ് ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ 11 പ്രതികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തത്. 2008 ജനുവരി 21 നാണ് മുംബൈയിലെ സി.ബി.ഐ കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
15 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പ്രതികളിലൊരാള്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് പ്രതികളുടെ ശിക്ഷാ ഇളവ് പരിശോധിക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. ഇതിന് പിന്നാലെയാണ് നല്ല നടപ്പ് ചൂണ്ടിക്കാട്ടി 11 പ്രതികളേയും ഗുജറാത്ത് സര്‍ക്കാര്‍ വെറുതെ വിട്ടത്.