ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തെ ചോദ്യം ചെയ്തുകൊണ്ട് അഖില ഭാരത് ഹിന്ദു മഹാസഭ നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി.
വോട്ടെടുപ്പിന് ശേഷം മഹാരാഷ്ട്രയില്‍ ഉണ്ടായ ത്രികക്ഷി സഖ്യത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജി സമര്‍പ്പിച്ചത്.
ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ഭരണഘടനാപരമായ ധാര്‍മ്മികത രാഷ്ട്രീയ ധാര്‍മ്മികതയില്‍ നിന്ന് വ്യത്യസ്തമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
”ജനാധിപത്യത്തില്‍, മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശത്തില്‍ കൈകടത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല”- എന്നായിരുന്നു ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വോട്ടെടുപ്പിന് ശേഷം സഖ്യമുണ്ടാക്കുന്ന കാര്യങ്ങളില്‍ കോടതി ഇടപെടുമെന്ന് പ്രതീക്ഷിക്കരുതെന്നും അത് കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു..
ഇതെല്ലാം പൊതുജനങ്ങള്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും അല്ലാതെ കോടതിയല്ല തീരുമാനിക്കേണ്ടതെന്നുമായിരുന്നു എന്‍.വി രമണ പറഞ്ഞത്.
ഒരു പാര്‍ട്ടി അധികാരത്തില്‍ വന്നു കഴിഞ്ഞാല്‍ അവര്‍ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പില്‍ വരുത്തണമെന്ന് നിര്‍ദേശം നല്‍കാന്‍ കോടതിക്കാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
മഹാരാഷ്ട്രയിലെ ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രമോദ് ജോഷി ഹരജി സമര്‍പ്പിച്ചത്.
തെരഞ്ഞെടുപ്പ് നടന്ന ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനായി സഖ്യത്തിന് ശ്രമിക്കുന്ന ശിവസേനയുടെ നടപടിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.
ഹരജി ഇപ്പോള്‍ പരിഗണിക്കില്ലെന്നും വിഷയത്തില്‍ പിന്നീട് വാദം കേള്‍ക്കുമെന്നുമായിരുന്നു അന്ന് സുപ്രീംകോടതി അറിയിച്ചത്.
ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ വോട്ടെടുപ്പിന് ശേഷം അധികാരത്തിലെത്താനായി സഖ്യമുണ്ടാക്കി വോട്ടര്‍മാരെ വഞ്ചിക്കുകയാണെന്നായിരുന്നു ഹരജിയില്‍ പറഞ്ഞത്.
ബി.ജെ.പിക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സേനയുടെ നിലപാട് മാറ്റം എന്‍.ഡി.എയോടുള്ള ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുന്നതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഒക്ടോബര്‍ 21 ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച ബി.ജെ.പിയും ശിവസേനയും 288 അംഗ നിയമസഭയില്‍ യഥാക്രമം 105, 56 സീറ്റുകളായിരുന്നു നേടിയത്.
ഇതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന സേനയുടെ ആവശ്യം ബി.ജെ.പി തള്ളി. ഇതോടെയാണ് ശിവസേന-എന്‍.സി-പി കോണ്‍ഗ്രസ് സഖ്യം സംസ്ഥാനത്ത് സഖ്യ സര്‍ക്കാരുണ്ടാക്കാനുള്ള ധാരണയില്‍ എത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ