| Wednesday, 5th August 2020, 3:38 pm

'ആത്മീയ ശക്തി കോടതിക്കുമേല്‍ പ്രയോഗിക്കാനാണോ ശ്രമം?'; ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹരജി തള്ളി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി സുപ്രീംകോടതി തള്ളി. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് നല്‍കിയ ഹരജിയാണ് തള്ളിയത്.

ഫ്രാങ്കോയെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാനാകില്ലെന്നും വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ് ബോബ്‌ഡെ, വി.ആര്‍ രാമസുബ്രമഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

ആത്മീയ ശക്തി കോടതിക്ക് മേല്‍ പ്രയോഗിക്കാനാണോ ശ്രമമെന്നും ഫ്രാങ്കോയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ചോദിച്ചു.

നേരത്തെ വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ഹരജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും കാണിച്ചായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ അധികാരദുര്‍വിനിയോഗം നടത്തി ലൈംഗികപീഡനം, അന്യായമായി തടവില്‍ വയ്ക്കല്‍, ഭീഷണി തുടങ്ങിയവയ്‌ക്കെതിരായ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more