| Monday, 6th November 2023, 8:10 pm

പുര്‍കായസ്തയ്ക്ക് 71 വയസ്സുണ്ട്, ഹരജി പരിഗണിക്കമെന്ന് കബില്‍ സിബല്‍; മാറ്റിവെച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ന്യൂസ് ക്ലിക്ക് സ്ഥാപക എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയും എച്ച്.ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. 71 വയസ്സുള്ള പുര്‍കായസ്തയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ഹരജി ഉടന്‍ പരിഗണിക്കണമെന്ന അദ്ദേഹത്തിന് വേണ്ടി ഹാജരായ കബില്‍ സിബല്‍ ആവശ്യപെട്ടിരുന്നു. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ വകുപ്പ് പ്രകാരം യു.എ.പി.എ ചുമത്തി ദല്‍ഹി പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇത് ശരിവെച്ച് ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്.ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ,് പ്രശാന്ത് കുമാര്‍ മിശ്ര എന്നിവ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കബില്‍ സിബല്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി ബെഞ്ച് ദല്‍ഹി പോലീസിന്റെ പ്രതികരണം ആവശ്യപ്പെട്ട് രണ്ട് ഹരജികളിലും നോട്ടീസ് അയച്ചിരുന്നു.

‘ ഈ കേസില്‍ അറസ്റ്റിനുള്ള കാരണങ്ങള്‍ രേഖാമൂലം നല്‍കണമെന്ന നേരത്തെ പങ്കജ് ബെന്‍സാല്‍ വിധിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ മെമ്മോ കാണിക്കുകയോ രേഖകള്‍ നല്‍കുകയോ ചെയ്തില്ല’ പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ കബില്‍ സിബല്‍ കോടതിയെ അറിയിച്ചു.

കൂടാതെ ആരോഗ്യ കാരണങ്ങള്‍ കാണിച്ച് 71 വയസ്സുള്ള പുര്‍കായസ്തയുടെ ഇടക്കാല ഹര്‍ജി പരിഗണിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.എന്നാല്‍ ദീപാവലി അവധിക്ക് ശേഷം കേസിനൊപ്പം മെഡിക്കല്‍ ജാമ്യപേക്ഷ പരിഗണിക്കാമെന്ന് ബെഞ്ച് അറിയിച്ചു.

യു.എ.പി.എ കേസില്‍ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയ വിചാരണ കോടതി ഉത്തരവിനെതിരെ പുര്‍കായസ്തയും ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ചൈനീസ് അനുകൂല പ്രചരണത്തിനായി വിദേശ ഫണ്ട് സ്വീകരിക്കുകയും, 2019 ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രാറ്റിക്സ് സെക്യുലറിസം ഗ്രൂപ്പുമായി ഗൂഢാലോചന നടത്തിയെന്നുമാണ് എഫ്.ഐ.ആര്‍. ഒക്ടോബര്‍ 3 ന് പുര്‍കായസ്തയെ അറസ്റ്റ് ചെയ്യുകയും ന്യൂസ് ക്ലിക്ക് ഓഫീസ് സീല്‍ ചെയ്യുകയും ചെയ്തിരുന്നു. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 88 ഇടങ്ങളില്‍ റെയ്ഡ് നടത്തുകയും നിരവധി ഇലക്ടോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

content highlight : SC defers hearing on pleas of NewsClick founder, HR head against arrest under UAPA

We use cookies to give you the best possible experience. Learn more