മുബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയുടെ പുനർവികസനത്തിനായി അദാനി ഗ്രൂപ്പ് ഏറ്റെടുത്തു നടത്തുന്ന പദ്ധതി താത്ക്കാലികമായി നിർത്തിവെക്കാനാവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി.
2019ലെ ബിഡ് റദ്ദാക്കിയ ശേഷം അദാനി ഗ്രൂപ്പിന് 2022ൽ പുതിയ ടെൻഡർ നൽകാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം ശരിവച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ദുബായ് ആസ്ഥാനമായുള്ള സെക്‌ലിങ്ക് ടെക്‌നോളജി കോർപ്പറേഷൻ (എസ്.ടി.സി) സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. ഒരു സെക്യൂരിറ്റിക്കോ ആസ്തിക്കോ വേണ്ടി വാങ്ങുന്നയാൾ നൽകാൻ തയ്യാറുള്ള ഏറ്റവും ഉയർന്ന തുകയാണ് ബിഡ്. ഏറ്റവും കുറഞ്ഞ ബിഡ് തുക പറയുന്നവർക്കാണ് ടെൻഡർ നൽകുക.
വികസന പദ്ധതിയിലെ ജോലികൾ ഇതിനകം പുരോഗമിച്ചുവെന്ന് അറിയിച്ചതിനെത്തുടർന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് സെക്‌ലിങ്കിന്റെ ഹരജി തള്ളുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ യന്ത്രസാമഗ്രികൾ വാങ്ങിയിട്ടുണ്ടെന്നും നൂറുകണക്കിന് തൊഴിലാളികൾ സ്ഥലത്ത് ജോലി ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും, ആ സ്ഥലത്തെ ഇന്ത്യൻ റെയിൽവേയുടെ ക്വാർട്ടേഴ്‌സ് പൊളിച്ച് മാറ്റുക വരെ ചെയ്‌തെന്നും അദാനി ഗ്രൂപ്പിനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹത്ഗി പറഞ്ഞു.
ധാരാവി പുനർവികസന പദ്ധതിക്കായി അദാനി പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന് അനുകൂലമായി നൽകിയതിനെ ചോദ്യം ചെയ്ത് എസ്.ടി.സി നൽകിയ ഹരജി 2024 ഡിസംബർ 19ന് ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. അദാനി ഗ്രൂപ്പിന് അനുയോജ്യമാക്കുന്നതിനും മറ്റ് ലേലക്കാരെ പുറത്താക്കുന്നതിനും വേണ്ടി സർക്കാർ ടെൻഡർ വ്യവസ്ഥകൾ മയപ്പെടുത്തിയെന്നും എസ്.ടി.സി ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ കോടതി നിരസിച്ചു. കൂടാതെ എസ്.ടി.സിയുടെ അവകാശവാദം തെറ്റിധാരണയാണെന്ന് കോടതി പറയുകയും ചെയ്തു.
പദ്ധതിയുടെ മുഖ്യ പങ്കാളിയായി അദാനി പ്രോപ്പർട്ടീസിന് പദ്ധതി ഔദ്യോഗികമായി നൽകാനുള്ള സംസ്ഥാന ഭവന വകുപ്പിന്റെ 2023 ജൂലൈ 13ലെ സർക്കാർ പ്രമേയത്തെയും കഴിഞ്ഞ വർഷം ജൂലൈ 17ന് പുറപ്പെടുവിച്ച വർക്ക് ഓർഡറിനെയും എസ്.ടി.സി ചോദ്യം ചെയ്തിരുന്നു.
2022 നവംബറിൽ, സെൻട്രൽ മുംബൈയിലെ ഏകദേശം 259 ഹെക്ടർ ചേരി പ്രദേശം പുനർവികസനം ചെയ്യുന്നതിനുള്ള കരാർ അദാനി പ്രോപ്പർട്ടീസ് നേടി. 5,069 കോടി രൂപ ക്വാട്ട് ചെയ്തതിന് ശേഷം അദാനി ഗ്രൂപ്പിനെ ഏറ്റവും ഉയർന്ന ലേലക്കാരനായി പ്രഖ്യാപിച്ചു, റെയിൽവേയ്ക്ക് 2,800 കോടി രൂപ നൽകിയതോടെ ബിഡ് തുക 7,869 കോടി രൂപയായി.
2019 ജനുവരിയിൽ സെക്‌ലിങ്കിനെയാണ് ആദ്യം ഏറ്റവും കൂടുതൽ ലേലത്തിൽ പങ്കെടുത്തതായി പ്രഖ്യാപിച്ചത്. പക്ഷെ 2020 നവംബറിൽ, പദ്ധതി ആവശ്യകതകളിൽ മാറ്റങ്ങൾ വരുത്തി മഹാരാഷ്ട്ര സർക്കാർ ടെൻഡർ റദ്ദാക്കി. 2022 നവംബറിൽ, അദാനി പ്രോപ്പർട്ടീസ് പുനർവികസന കരാർ 5,069 കോടി ബിഡോടെ നേടുകയായിരുന്നു. കൂടാതെ റെയിൽവേ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്ക് 2,800 കോടി രൂപ നിർബന്ധിത പേയ്‌മെന്റും നൽകി. ഇതോടെ അദാനി ഗ്രൂപ്പിന്റെ മൊത്തം സാമ്പത്തിക പ്രതിബദ്ധത 7,869 കോടിയായി ഉയർന്നു. ഇത് സെക്‌ലിങ്കിന്റെ ബിഡിനെക്കാൾ അധികമാണ്.
തങ്ങളുടെ 7,200 കോടി ബിഡ് കൂടുതലാണെന്നും 2020ൽ പ്രാരംഭ ടെൻഡർ റദ്ദാക്കാനുള്ള സർക്കാരിന്റെ തീരുമാനം അന്യായമാണെന്നും അത് ഒടുവിൽ അദാനിക്ക് ഗുണം ചെയ്തുവെന്നും കമ്പനി പറഞ്ഞു. തുടർന്ന് സെക്‌ലിങ്ക് കോടതിയെ സമീപിക്കുകയായിരുന്നു.
Content Highlight: SC declines to halt Adani Group’s Dharavi redevelopment work, asks Seclink to submit latest bid on record