| Monday, 8th March 2021, 12:49 pm

'കോടതി സ്ത്രീകളെ ബഹുമാനിക്കുന്നു'; ബലാത്സംഗക്കേസ് പ്രതിയോട് ഇരയെ വിവാഹം ചെയ്യാനാവശ്യപ്പെട്ട വിഷയത്തില്‍ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പോക്‌സോ കേസിലെ വിവാദ ചോദ്യത്തില്‍ വിശദീകരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ. കോടതിയുടെ ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നാണ് ബോബ്‌ഡേ പറഞ്ഞത്.

പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്യാമോ എന്നല്ല, വിവാഹം ചെയ്യാന്‍ പോകുകയാണോ എന്നാണ് ചോദിച്ചതെന്നാണ് എസ്.എ ബോബ്‌ഡേയുടെ വിശദീകരണം. മറ്റൊരു കേസ് പരിഗണിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടില്ലെന്നും കോടതിക്ക് സ്ത്രീകളോട് ബഹുമാനമാണെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ വാക്കുകള്‍ വളച്ചൊടിച്ച് തെറ്റിദ്ധാരണയുണ്ടാക്കുകയായിരുന്നുവെന്നും ബോബ്‌ഡേ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് ഒന്നിനായിരുന്നു ബലാത്സംഗക്കേസ് പ്രതിയോട് ഇരയെ വിവാഹം ചെയ്യണമെന്നുള്ള വിചിത്ര നിര്‍ദേശവുമായി എസ്.എ ബോബ്ഡെ രംഗത്തെത്തിയത്. സുപ്രീം കോടതിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഈ വിധിയെ തുടര്‍ന്ന് ഉയര്‍ന്നുവന്നത്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയിലെ ടെക്നീഷ്യനായ മോഹിത് സുഭാഷ് ചവാനെതിരേയാണ് പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നത്. ഈ കേസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് പ്രതിഭാഗം അഭിഭാഷകനോട് വിവാഹത്തെ കുറിച്ച് ചോദിച്ചത്.

തന്റെ കക്ഷി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും ഈ കേസില്‍ അറസ്റ്റുണ്ടായാല്‍ ജോലി നഷ്ടപ്പെടുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതി വിവാഹം കഴിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് സഹായിക്കാനാവും. ഇല്ലെങ്കില്‍ ജോലി നഷ്ടപ്പെട്ട് നിങ്ങള്‍ക്ക് ജയിലില്‍ പോകാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതേസമയം പൊലീസില്‍ പരാതി നല്‍കുന്നതിന് മുമ്പ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് തന്റെ മാതാവ് അറിയിച്ചിരുന്നതാണെന്ന് പ്രതി കോടതിയെ അറിയിച്ചിരുന്നു. പ്രതിയുടെ വിവാഹാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചിരുന്നു.

‘പെണ്‍കുട്ടിയെ വിവാഹം കഴിക്കാന് ഞങ്ങള്‍ നിങ്ങളെ നിര്‍ബന്ധിക്കുകയില്ല. നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങളെ അറിയിക്കുക. അല്ലെങ്കില്‍ ഞങ്ങള്‍ അവളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്ന് നിങ്ങള്‍ പറയും,’ എസ്.എ ബോബ്ഡെ പറഞ്ഞു.

എന്നാല്‍ താനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും തന്നെ അറസ്റ്റ് ചെയ്താല്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുമെന്നും പ്രതി കോടതിയോട് പറഞ്ഞു. അതിനാലാണ് പ്രതിയ്ക്ക് ഈ അവസരം നല്‍കിയതെന്നും നാലാഴ്ച വരെ അറസ്റ്റ് തടയാന്‍ കഴിയുമെന്നും ബോബ്ഡെ പറഞ്ഞു. നേരത്തെ വിചാരണക്കോടതി പ്രതി അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കിയിരുന്നുവെങ്കിലും ഹൈക്കോടതി അത് റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: SC Chief Justice S A Bobde about asking rapist to marry the victim in POCSO case

We use cookies to give you the best possible experience. Learn more