| Friday, 7th August 2015, 8:12 am

സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പുതിയ നിയമം വേണം: സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിദ്വേഷമുളവാക്കുന്നതും അപകീര്‍ത്തികരവുമായ സന്ദേശങ്ങളെ നിയന്ത്രിക്കുന്നതിനാണ് ഇത്തരം ഒരു പുതിയ നിയമത്തിന്റെ ആവശ്യകത സുപ്രീംകോടതി വ്യക്തമാക്കിയത്.

ഐ.ടി നിയമത്തിലെ സെക്ഷന്‍ 66 എ സുപ്രീംകോടതി തന്നെ റദ്ദാക്കിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളും ഇന്റര്‍നെറ്റും ദുരുപയോഗിക്കപ്പെടാമെന്ന ആശങ്ക ഉയര്‍ത്തിയ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ഫ്രഫുല്ല സി പന്ത് എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ചാണ് പാര്‍ലമെന്റ് പുതിയ നിയമം കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ചത്.

ശരിയായ രീതിയില്‍ തയ്യാറാക്കിയതല്ലാത്തിനാലും അവ്യക്തമായതിനാലുമാണ് സെക്ഷന്‍ 66 എ പിന്‍വലിച്ചത്. പാര്‍ലമെന്റിനോട് പുതിയ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെടാന്‍ തങ്ങള്‍ക്കാവും. മറ്റ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിയമം കൊണ്ടുവരണമെന്ന് മുമ്പും ഞങ്ങള്‍ പാര്‍ലമെന്റിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തിലും അത് സാധിക്കും.”  ക്രിമിനല്‍ ഡിഫമേഷന്‍ നിയമം വേണമെന്ന ആവശ്യമുന്നയിക്കുന്ന ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെ സുപ്രീംകോടതി ബെഞ്ച് പറഞ്ഞു.

സോഷ്യല്‍ മീഡിയില്‍ വിദ്വേഷപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം ആളുകള്‍ക്ക് കൊടുക്കരുതെന്നും പുതിയ നിയമം നിര്‍ബന്ധമായും കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

മാര്‍ച്ചിലാണ് സര്‍ക്കാര്‍ അധികാരികളില്‍ നിന്നും നിന്നും ദുരുപയോഗം ഉണ്ടാകുന്നു എന്ന നിരീക്ഷണത്തെ തുടര്‍ന്ന് വിവാദപരമായ സെക്ഷന്‍ 66എ ഐ.ടി നിയമത്തില്‍ നിന്നും ഒഴിവാക്കിയത്. എങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിന് പുതിയ നിയമസംവിധാനം ആവശ്യമാണെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയരുന്നു.

We use cookies to give you the best possible experience. Learn more