ന്യൂദല്‍ഹി: ഐ.എന്‍.എസ് മാക്‌സ് മീഡിയ അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന് അറസ്റ്റില്‍ നിന്നും പരിരക്ഷ നല്‍കാതെ സുപ്രീം കോടതി. അറസ്റ്റ് ഒഴിവാക്കാനായി ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ ബെഞ്ചിന് വിട്ടു.
ഹരജി ഉടന്‍ പരിഗണിക്കണമോയെന്ന കാര്യം ഇന്ന് ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ചീഫ് ജസ്റ്റിസ് തീരുമാനിക്കുംവരെ അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കണം എന്ന ആവശ്യം ചിദംബരം കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കോടതി ആ ആവശ്യം അംഗീകരിച്ചില്ല.
തനിക്കെതിരായ ദല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആരോപിച്ചായിരുന്നു ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എന്‍.വി രമണയുടെ ബെഞ്ചിനു മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഈ കേസ് ഉന്നയിച്ചത്.
ജാമ്യ ഹരജി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത എതിര്‍ത്തു. ‘സുപ്രധാന കേസാണിത്’ എന്നു പറഞ്ഞായിരുന്നു മെഹ്ത ജാമ്യഹരജിയെ എതിര്‍ത്തത്.
അതിനിടെ, ചിദംബരത്തെ അറസ്റ്റു ചെയ്യാനുള്ള നടപടികളുമായി സി.ബി.ഐ മുന്നോട്ടു പോകുകയാണ്. അദ്ദേഹം ഇപ്പോള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ചിദംബരത്തിനായി സി.ബി.ഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
നാലു തവണ ചിദംബരത്തിന്റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
രാവിലെ 10.30 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ അര്‍ഷ്ദീപ് സിങ് ഖുറാന സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു. രണ്ടു മണിക്കൂറിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീട്ടില്‍ നോട്ടീസ് പതിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും ചിദംബരത്തിന്റെ അഭിഭാഷകന്‍ ചോദിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളിയതിനു പിന്നാലെ സി.ബി.ഐ സംഘം ചൊവ്വാഴ്ച വൈകീട്ടോടെ ചിദംബരത്തിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ചിദംബരം വീട്ടിലില്ലാത്ത സാഹചര്യത്തില്‍ തിരിച്ചു പോകുകയായിരുന്നു. ആറ് പേരടങ്ങുന്ന സി.ബി.ഐ സംഘമാണ് ചിദംബരത്തിന്റെ വീട്ടിലെത്തിയത്.
അറസ്റ്റ് ഒഴിവാക്കാനായി ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റി. ഹരജി ഇന്ന് ഉച്ചയ്ക്കാണ് പരിഗണിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍നിന്ന് ചൊവ്വാഴ്ച തന്നെ സ്റ്റേ നേടാന്‍ അദ്ദേഹം നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല.
ഐ.എന്‍.എക്സ് മീഡിയ ഇടപാടിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലാണ് ചിദംബരത്തിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. അറസ്റ്റില്‍നിന്നു മൂന്നുദിവസത്തേക്ക് ഇടക്കാല സംരക്ഷണം നല്‍കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷയും ജസ്റ്റിസ് സുനില്‍ ഗൗര്‍ നിരസിച്ചു.
കേസില്‍ കാര്യക്ഷമമായി അന്വേഷണം നടത്താന്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് സുനില്‍ ഗൗര്‍ പറഞ്ഞിരുന്നു.
ചിദംബരം ധനമന്ത്രിയായിരിക്കെ 2007-ല്‍ ഐ.എന്‍.എക്സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ഇതേ കേസില്‍ നേരത്തേ ഇ.ഡി. ചോദ്യംചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി കാര്‍ത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ഐ.എന്‍.എക്സ് മീഡിയ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജി, ഐ.എന്‍.എക്സ് ന്യൂസിന്റെ അന്നത്തെ ഡയറക്ടര്‍ പീറ്റര്‍ മുഖര്‍ജി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.