| Wednesday, 10th July 2013, 3:32 pm

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പ് [8(4) ചട്ടം] സുപ്രീം കോടതി റദ്ദ് ചെയ്തുകൊണ്ടാണ് സുപ്രധാനമായ വിധി പ്രസ്താവിച്ചിരിക്കുന്നത്. ജസ്റ്റിസ് എ.കെ പട്‌നായിക് അധ്യക്ഷനായ ബഞ്ചാണ് സുപ്രധാനമായ ഈ വിധി പ്രസ്താവിച്ചത്.[]

ജനപ്രാതിനിധ്യ നിയമത്തിലെ ഈ വകുപ്പ് അനുസരിച്ച് വിചാരണക്കോടതി കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷ വിധിച്ചാല്‍ മേല്‍ക്കോടതിയില്‍ അപ്പീലിന് പോയാല്‍ മേല്‍ക്കോടതി വിധി വരുന്നത് വരെ തത്സ്ഥാനത്ത് തുടരാമായിരുന്നു. പുതിയ വിധി പ്രാബല്യത്തില്‍ വരുന്നതോടെ ജനപ്രതിനിധികളുടെ ഈ പ്രത്യേകാവകാശം ഇല്ലാതാകും.

വിധിക്ക് മുന്‍കാല പ്രാബല്യമില്ലാത്തതിനാല്‍ നിലവില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കേസുകളില്‍ പ്രതികളായവര്‍ക്ക് വിധി ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. പുതിയ വിധിയനുസരിച്ച് കുറ്റക്കാരെന്ന് വിചാരണക്കോടതി കണ്ടെത്തുന്ന ജനപ്രതിനിധികള്‍ക്ക് സ്ഥാനങ്ങളും പ്രത്യേക അവകാശങ്ങളും നഷ്ടപ്പെടും.

കല്‍ക്കരി പാടം അഴിമതി കേസ് പരിഗണിക്കവേയാണ് ബഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തുകയും വിധി പ്രസ്താവിക്കുകയും ചെയ്തത്. ഇതോടെ ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷത്തിലധികം ശിക്ഷിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും മത്സരിക്കുന്നതില്‍ വിലക്ക് വരും.

കോടതി വിധി വരുന്നതിന് മുമ്പ് തന്നെ സമാജ്‌വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, ബി.എസ്.പി തുടങ്ങിയ പാര്‍ട്ടികള്‍ ചട്ടം റദ്ദാക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നവരാണ്.

We use cookies to give you the best possible experience. Learn more