ദല്‍ഹി: പ്രായപൂര്‍ത്തിയായവരുടെ വിവാഹത്തില്‍ ഖാപ് പഞ്ചായത്ത് പോലുള്ള അനധികൃത സംഘടനകളുടെ ഇടപെടലുകള്‍ തീര്‍ത്തും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. വിവാഹത്തില്‍ സ്ത്രീയുടെയും പുരുഷന്റെയും തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി അവരെ ഭീഷണിപ്പെടുത്തിയും മറ്റുമുള്ള ഇടപെടലുകളെ കോടതി നിരോധിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍ ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധിക്കു പിന്നില്‍. രണ്ടുപേര്‍ തമ്മിലുള്ള വിവാഹ ബന്ധത്തില്‍ ഇടപെടാന്‍ കോടതിക്ക് കഴിയില്ലെന്ന് ഹാദിയ കേസില്‍ വ്യക്തമാക്കിയ അതേ ബെഞ്ചാണ് ഈ കേസിലും വിധി പ്രസ്താവിച്ചിട്ടുള്ളത്. വിവാഹത്തിലെ നിയമവിരുദ്ധ ഇടപെടലുകളെ തടയുന്നതിനായി ചില നിര്‍ദേശങ്ങളും ബെഞ്ച് മുന്നോട്ട് വച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പാര്‍ലമെന്റ് ഒരു നിയമം കൊണ്ടുവരുന്നതുവരെ ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുമെന്നും അവര്‍ പറഞ്ഞു.
ദുരഭിമാന കൊലയില്‍ നിന്നും ദമ്പതികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 2010ല്‍ ശക്തി വാഹിനി എന്ന എന്‍.ജി.ഒ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചാല്‍ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ അതില്‍ ഇടപെടാനോ അവരെ ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ അവകാശമില്ല, കോടതി വ്യക്തമാക്കി.
വിവാഹിതാരാകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ അവര്‍ക്ക് അതത് സംസ്ഥാന സര്‍ക്കാരുകള്‍ ജില്ലാ കേന്ദ്രങ്ങളില്‍ സുരക്ഷാ ഭവനങ്ങളില്‍ സംരക്ഷണം നല്‍കണമെന്നും വിധിയില്‍ പറയുന്നു. ഖാപ്പ് പഞ്ചായത്തുകള്‍ക്ക് നിയമപരമായ അനുമതി ഇല്ലെന്ന് അതില്‍ പങ്കെടുക്കുന്നവരെ ബോധ്യപ്പെടുത്തണമെന്നും കോടതി പ്രസ്താവിച്ചു.
Watch DoolNews Video: