| Thursday, 23rd July 2020, 1:05 pm

'പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തില്ല എന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാകുമോ'; സ്പീക്കറുടെ ഹരജിയില്‍ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജനാധിപത്യത്തില്‍ വിയോജിപ്പിന്റെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനാവില്ലെന്ന് സുപ്രീം കോടതി. സച്ചിന്‍ പൈലറ്റിനും 18 വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും അയോഗ്യത ഏര്‍പ്പെടുത്തിയ നടപടി നീട്ടിവെക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ രാജസ്ഥാന്‍ സ്പീക്കര്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ജനപ്രതിനിധിക്ക് അദ്ദേഹത്തിന്റെ വിയോജിപ്പ് പാര്‍ട്ടിയില്‍ രേഖപ്പെടുത്തുന്നതിനുള്ള അവകാശമില്ലേയെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചത്.

വിയോജിപ്പിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയില്ല. ജനാധിപത്യത്തില്‍ ആര്‍ക്കെങ്കിലും ആരെയെങ്കിലും ഇത്തരത്തില്‍ അടിച്ചമര്‍ത്താന്‍ കഴിയുമോയെന്നും കോടതിചോദിച്ചു. പാര്‍ട്ടിയ്ക്ക് അകത്ത് തന്നെ ജനാധിപത്യം ഇല്ലേയെന്നും കോടതി ചോദിച്ചു. എന്നാല്‍ അതിന് മറുപടി പറയേണ്ടത് എം.എല്‍.എമാരാണ് എന്നായിരുന്നു കപില്‍ സിബല്‍ വാദിച്ചത്.

‘അവര്‍ക്ക് എന്റെ അടുത്ത് വന്ന് ഇത് വിശദീകരിക്കാമായിരുന്നു. അവധിക്കാലമായതിനാല്‍ ഞങ്ങള്‍ ഹരിയാനയിലാണ്. എന്നുള്ള വിശദീകരണം അവര്‍ക്ക് വേണമെങ്കില്‍ നല്‍കാമായിരുന്നു.

അവരുടെ മറുപടി ഇല്ലാതെ എനിക്ക് മറ്റൊന്നും തീരുമാനിക്കാന്‍ കഴയില്ല. എം.എല്‍.എമാര്‍ തീര്‍ച്ചയായും അവരുടെ മറുപടി നല്‍കേണ്ടതുണ്ടായിരുന്നു. അവര്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. അല്ലെങ്കില്‍ എന്തുകൊണ്ട് പങ്കെടുത്തില്ലെന്ന് അവര്‍ പറയേണ്ടിയിരുന്നു. അതാണ് അവര്‍ക്കെതിരായ ആരോപണം. ‘ സിബല്‍ പറഞ്ഞു.

നിലവിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിമത എം.എല്‍.എമാര്‍ ഗൂഢാലോചന നടത്തിയെന്ന് കപില്‍ സിബല്‍ ആരോപിച്ചെങ്കിലും എം.എല്‍.എമാര്‍ക്കെതിരായ അയോഗ്യത നടപടി അംഗീകരിക്കാനാവുന്നതാണോ അല്ലയോ എന്ന കാര്യമാണ് കോടതി പരിശോധിക്കുന്നത് എന്നായിരുന്നു ജഡ്ജിയുടെ മറുപടി.

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തില്ല എന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാകുമോ എന്നും കോടതി കപില്‍ സിബലിനോട് ചോദിച്ചു. അത് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അത് സ്പീക്കര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു സിബല്‍ ഇതിന് മറുപടി നല്‍കിയത്.

ജൂലൈ 24 വരെ കാത്തുനില്‍ക്കണമെന്ന് മാത്രമല്ലേ രാജസ്ഥാന്‍ ഹൈക്കോടതി സ്പീക്കറോട് പറഞ്ഞത് എന്ന ചോദ്യത്തിന്, കോടതി ഉത്തരവില്‍ നിന്നും നിര്‍ദേശം (direction )എന്ന വാക്ക് ഉത്തരവില്‍ നിന്നും താത്ക്കാലികമായി എടുത്തു കളയണമെന്നായിരുന്നു സിബല്‍ പറഞ്ഞത്. കോടതിക്ക് ഇങ്ങനെ നിര്‍ദേശിക്കാന്‍ കഴിയില്ലെന്നും സിബല്‍ പറഞ്ഞു.

അതോടെ ആ ഒരു വാക്കുമാത്രമാണോ നിങ്ങളുടെ പ്രശ്‌നം എന്നായിരുന്നു കോടതി തിരിച്ചു ചോദിച്ചത്. ഹൈക്കോടതി ഉത്തരവിലുടനീളം അഭ്യര്‍ത്ഥന എന്ന് ജഡ്ജി പറയുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more