ശംഭു അതിർത്തിയിലെ സമരം; കർഷകരുമായി ചർച്ച നടത്താൻ വിദഗ്‌ധരെ വിളിക്കൂ: പഞ്ചാബിനോടും ഹരിയാനയോടും സുപ്രീം കോടതി
NATIONALNEWS
ശംഭു അതിർത്തിയിലെ സമരം; കർഷകരുമായി ചർച്ച നടത്താൻ വിദഗ്‌ധരെ വിളിക്കൂ: പഞ്ചാബിനോടും ഹരിയാനയോടും സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2024, 4:39 pm

അംബാല: ശംഭു അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രതിഷേധ ക്യാമ്പിനെ അടിച്ചമർത്താൻ ശ്രമിക്കാതെ കർഷകരുമായി ചർച്ച നടത്തുന്നതിന് വിദഗ്‌ധരെ നിയോഗിക്കാൻ നിർദേശിച്ച് സുപ്രീം കോടതി. ഹരിയാന, പഞ്ചാബ് സർക്കാരുകൾക്കാണ് സുപ്രീംകോടതി നിർദേശം നൽകിയത്.

അംബാലക്ക് സമീപമുള്ള ശംഭു അതിർത്തിയിലെ ബാരിക്കേഡുകൾ ഒരാഴ്ചക്കകം നീക്കം ചെയ്യണമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരെ ഹരിയാന നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർദേശം.

കർഷകരിൽ ആത്മവിശ്വാസം വളർത്തേണ്ടതിന്റെ ആവശ്യകത എടുത്ത് പറഞ്ഞ ജഡ്ജിമാർ കർഷകരുടെ പരാതികൾ പരിഹരിക്കുന്നതിനായി വിദഗ്‌ധരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കുവാനും നിർദേശിച്ചു. കമ്മിറ്റിയിലേക്ക് നിഷ്പക്ഷരായ വിദഗ്‌ധരുടെ പേരുകൾ നിർദേശിക്കാനും കോടതി നിർദേശിച്ചു.

 

‘ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾക്കു അവരുടെ ആവലാതികൾ പ്രകടിപ്പിക്കാൻ അവകാശമുണ്ട്,’ ജസ്റ്റിസുമാരായ സൂര്യകാന്ത്, ആർ. മഹാദേവൻ എന്നവരുടെ ബെഞ്ച് പറഞ്ഞു.

‘ഞങ്ങൾ ആഗ്രഹിക്കുന്നത് നല്ലൊരു തുടക്കത്തിനാണ്. നിഷ്പക്ഷരായ വിദഗ്‌ധരെ ഉൾപ്പെടുത്തി കർഷകരുമായി ചർച്ച നടത്തുക. ഇത് കർഷകരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും. അതിനായി മുൻ ജഡ്ജിമാരെയും നിങ്ങൾക്ക് ഉൾപ്പെടുത്താം. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക,’ കോടതി പറഞ്ഞു.

തുടർന്ന് ശംഭു അതിർത്തിയിലെ നിലവിലെ സ്ഥിതി അതുപോലെ തുടരട്ടെയെന്നും കോടതി നിർദേശിച്ചു. മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, സ്ത്രീകൾ, ആംബുലൻസ് അത്യാവശ്യ കാര്യങ്ങൾക്കായി പോകുന്ന വാഹങ്ങൾ എന്നിവയെയൊക്കെ എങ്ങനെ തടയുമെന്നും കോടതി ചോദിച്ചു.

വാദം കേൾക്കുന്നത് കോടതി ഓഗസ്റ്റ് 12 ലേക്ക് മാറ്റി.

ഫെബ്രുവരി 13 മുതൽ കർഷകർ ശംഭു അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ദൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച കർഷകരെ പൊലീസ് തടഞ്ഞിരുന്നു. തങ്ങളുടെ ഉത്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ സമരം നടത്തുന്നത്.

ക്രമസമാധാന പാലനം ഉറപ്പാക്കണമെന്നും ഹൈവേ പഴയ നിലയിലേക്ക് പുനർസ്ഥാപിക്കണമെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജൂലൈയിൽ ഇരു സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിരുന്നു.

 

Content Highlight: SC asks Haryana, Punjab to name experts for talks with farmers on Shambhu stir