| Thursday, 10th September 2020, 6:14 pm

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസില്‍ ആറ്റോണി ജനറലിന്റെ സഹായം തേടി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യദല്‍ഹി: പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസില്‍ ആറ്റോണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ സഹായം തേടി സുപ്രീം കോടതി. 2009ല്‍ തെഹല്‍ക്ക മാഗസിനില്‍ നിയമവ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പ്രശാന്ത് ഭൂഷണ്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ അമിക്കസ് ക്യൂരിയായി കെ.കെ വേണുഗോപാലിന്റെ പേര് കോടതി നിര്‍ദേശിച്ചത്.

ജസ്റ്റിസ് എ.എം കാണ്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ച കേസില്‍ അമിക്കസ് ക്യൂരിയായി കെ.കെ വേണുഗോപാലിനെ നിയോഗിക്കാമെന്ന നിര്‍ദേശം അംഗീകരിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ദവാനായിരുന്നു കെ.കെ വേണുഗോപാലിന്റെ പേര് നിര്‍ദേശിച്ചത്.

തെഹല്‍ക്ക മാഗസിനില്‍ പ്രശാന്ത് ഭൂഷണ്‍ നിയമവ്യവസ്ഥയുമായ ബന്ധപ്പെട്ട അഴിമതി ആരോപണം ഉന്നയിച്ചത് വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ഒരു വ്യക്തി തന്റെ ഉത്തമബോധ്യ പ്രകാരം കോടതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ അത് എങ്ങിനെ നേരിടണം തുടങ്ങി നിരവധി വീക്ഷണ കോണുകളില്‍ നിന്ന് പലവിധത്തിലുള്ള അഭിപ്രായങ്ങളും ഈ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരുന്നു. കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയ്ക്ക് സ്വമേധയാ കേസെടുക്കാനുള്ള അവകാശം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് തുടങ്ങിയ നിര്‍ണായക ചോദ്യങ്ങള്‍ ശ്രദ്ധേയമായതും ഈ കേസിലൂടെയാണ്.

സെപ്തംബര്‍ 2ന് വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയായിരുന്നു നേരത്തെ ഈ കേസില്‍ വാദം കേട്ടത്. ഇതിന് ശേഷമാണ് ജസ്റ്റിസ് കാണ്‍വില്‍കാര്‍ കേസില്‍ ന്യായാധിപനാകുന്നത്.
ഒരു വ്യക്തി കോടതിയുമായി ബന്ധപ്പെട്ട് പൊതുമധ്യത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വിശദമായി പരിശോധിക്കണമെന്ന് അരുണ്‍ മിശ്ര നേരത്തെ നിരീക്ഷിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെക്കെതിരെയുള്ള ട്വീറ്റുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി വിധി പറഞ്ഞിരുന്നു. ഒരു രൂപ പിഴയാണ് ശിക്ഷ വിധിച്ചത്. ഒരു രൂപ നല്‍കിയില്ലെങ്കില്‍ മൂന്ന് മാസം വരെ തടവും മൂന്ന് വര്‍ഷം വരെ അഭിഭാഷകവൃത്തിയില്‍ നിന്ന് വിലക്കുമെന്നും കോടതി പറഞ്ഞിരുന്നു.

ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു പ്രശാന്ത് ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതും ആണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SC asks attorey general to assist court in bhushan case

We use cookies to give you the best possible experience. Learn more