ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ്
Kerala News
ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th January 2019, 12:33 pm

ന്യൂദല്‍ഹി: ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്ക്കും ബിന്ദുവിനും സുരക്ഷ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ നിര്‍ദേശം. സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഇരുവരും സുപ്രീം കോടതിയില്‍ റിട്ട് ഹരജി നല്‍കിയിരുന്നു.

ശബരിമല ദര്‍ശനം നടത്തി ആഴ്ചകള്‍ക്കു ശേഷവും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു ഇവര്‍ കോടതിയെ സമീപിച്ചത്.

തങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നതടക്കം പ്രധാനപ്പെട്ട നാല് ആവശ്യങ്ങളാണ് ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ മാത്രമാണ് കോടതി നിലവില്‍ തീരുമാനമെടുത്തിരിക്കുന്നത്. ഹരജിയില്‍ ആവശ്യപ്പെട്ട മറ്റു കാര്യങ്ങള്‍ പുന:പരിശോധന ഹരജി പരിഗണിക്കുന്ന ദിവസം ചര്‍ച്ച ചെയ്യാമെന്നായിരുന്നു കോടതിയുടെ നിലപാട്.

ജീവനും സുരക്ഷയ്ക്കും ഭീഷണിയില്ലാതെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഉത്തരവ് ഇറക്കണം. ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ പൊലീസ് സുരക്ഷ നല്‍കണം.

രണ്ടു പേര്‍ക്കും മുഴുവന്‍ സമയ സുരക്ഷ ഒരുക്കണം. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും വാക്കാലോ പ്രവൃത്തിയാലോ ആക്രമണം നടത്തുന്നവരെ നിയമപരമായി നേരിടണം.

10നും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശുദ്ധിക്രിയ നടത്തുന്നതും നട അടച്ചിടുന്നതും നിരോധിച്ചു കൊണ്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണം.

മനുഷ്യന്‍ എന്ന നിലയില്‍ സ്ത്രീകളുടെ അന്തസിനെ കുറച്ചു കാണുന്ന നടപടിയാണ് ശുദ്ധിക്രിയ. ഭരണഘടനയിലെ 14, 15, 17, 21, 25 അനുഛേദങ്ങള്‍ പ്രകാരം ശുദ്ധിക്രിയ നടത്തുന്നത് ഭരണഘടന പ്രദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഇവയാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്ന കാര്യങ്ങള്‍.