| Thursday, 2nd May 2024, 8:53 am

വിവാഹം ഒരു വാണിജ്യ ഇടപാടല്ല; കൃത്യമായ ചടങ്ങുകളോടെ നടത്തിയില്ലെങ്കില്‍ ഹിന്ദുവിവാഹം അംഗീകരിക്കാനാവില്ല: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാഹം ഒരു വാണിജ്യ ഇടപാടല്ലെന്ന് സുപ്രീം കോടതി. കൃത്യമായ ചടങ്ങുകളോടെ നടത്തിയില്ലെങ്കില്‍ ഹിന്ദു വിവാഹത്തെ അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. 1955ലെ ഹിന്ദു വിവാഹ നിയമപ്രകാരം, വിവാഹം നടക്കുന്നില്ലെങ്കില്‍ അതിനുള്ള നിയമസാധുത ഇല്ലാതാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഹിന്ദു വിവാഹം ഒരു സംസ്‌കാരമാണെന്നും അതിനെ ആഡംബരത്തോടെയല്ല ബഹുമാനത്തോടെയാണ് സമീപിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കേവലം പാട്ടും നൃത്തവുമെല്ലാം അടങ്ങുന്ന വിവാഹമല്ല നടക്കേണ്ടത് നിയമപ്രകാരവും ശരിയായ രീതിയിലുള്ളതുമായ ചടങ്ങുകള്‍ പ്രകാരമാണെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്‍േതാണ് നിരീക്ഷണം. ബീഹാര്‍ മുസാഫര്‍പൂരിലെ കോടതിയില്‍ നിന്ന് ജാര്‍ഖണ്ഡ് കോടതിയിലേക്ക് വിവാഹമോചന ഹരജി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി.

‘വിവാഹം എന്നത് പാട്ടിനും നൃത്തത്തിനും വിരുന്നിനും വേണ്ടിയുള്ള ഒരു ചടങ്ങല്ല. സ്ത്രീധനവും സമ്മാനങ്ങളും ആവശ്യപ്പെടാനും കൈമാറ്റം ചെയ്യാനും അനാവശ്യ സമ്മര്‍ദത്താല്‍ ക്രിമിനല്‍ നടപടികളിലേക്ക് നയിക്കാനുമുള്ള അവസരവുമല്ല. രണ്ട് പേര്‍ ഒന്നുചേരുന്ന വിവാഹമെന്ന പ്രക്രിയ ഒരു വാണിജ്യ ഇടപാടുമല്ല,’ കോടതി ചൂണ്ടിക്കാട്ടി.

ഹിന്ദു നിയമപ്രകാരം സെക്ഷന്‍ 7 (1) ഉപവകുപ്പായ 7 (2) എന്നിവയുടെ അടിസ്ഥാനത്തില്‍ ഹിന്ദുവിവാഹം ഒരു ആഘോഷമല്ലെന്നും കോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ഹിന്ദു വിവാഹം ബാധകമായ ആചാരങ്ങളോ സപ്തപദി പോലുള്ള ചടങ്ങുകളോ അനുസരിച്ചുള്ളതല്ലെങ്കില്‍ ആ വിവാഹം ഹിന്ദു വിവാഹമായി കണക്കാക്കില്ലെന്ന് ബെഞ്ച് പറഞ്ഞു.

സ്വന്തം വ്യക്തിത്വത്തോടെ അംഗീകരിക്കപ്പെടുകയും വിവാഹത്തില്‍ ഒരു തുല്യ പങ്കാളിയാകുകയും ചെയ്യുമ്പോഴാണ് ഈ പ്രക്രിയയ്ക്ക് ഒരു അര്‍ത്ഥമുണ്ടാവുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ‘ബെറ്റര്‍-ഹാഫ്’ എന്നത് പോലുള്ള ആശയങ്ങള്‍ ഒന്നും വിവാഹ ജീവിതത്തില്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി.

Content Highlight: SC also ruled that a Hindu marriage cannot be accepted if it is not performed with proper ceremonies

We use cookies to give you the best possible experience. Learn more