| Wednesday, 26th September 2018, 1:37 pm

'സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി'; കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭരണഘടനാ പ്രാധാന്യമുള്ള പ്രധാനപ്പെട്ട കേസുകളിലെ സുപ്രീംകോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീംകോടതി. സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി എന്ന സുതാര്യതയെപ്പറ്റിയുള്ള ആലങ്കാരിക പ്രയോഗത്തോടെയാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

തത്സമയ സംപ്രേഷണം കാലത്തിന്റെ ആവശ്യകതയാണെന്നും കോടതിമുറികളിലെ ഞെരുക്കം ഒഴിവാക്കുക മാത്രമല്ല “തുറന്ന കോടതി” എന്ന ആശയം പ്രാവര്‍ത്തികമാവുക കൂടി ചെയ്യുമെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

മാനഭംഗം, വിവാഹ സംബന്ധമായ കേസുകളൊഴികെ ഭരണഘടനാപരമായ എല്ലാ വാദപ്രതിവാദങ്ങളും പൊതുജനത്തിന് ലഭ്യമാക്കാമെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ വെബ്സൈറ്റ് വഴിയാകും ആദ്യം സംപ്രേക്ഷണം നടത്തുക. പിന്നീട് ഒരു ചാനല്‍ ആരംഭിക്കാവുന്നതാണെന്നും, ഇതില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

തത്സമയ സംപ്രേഷണത്തിനായുള്ള ചട്ട നിര്‍മ്മാണത്തിന് നിര്‍ദ്ദേശിച്ച സുപ്രീംകോടതി എല്ലാ കോടതികളിലും തത്സമയസംപ്രേഷണം വരട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജെയ്‌സിങ്, സ്വപ്‌നില്‍ ത്രിപാഠി തുടങ്ങിയവര്‍ നല്‍കിയ ഹരജികളിലാണ് വിധി.

We use cookies to give you the best possible experience. Learn more