ന്യൂദല്‍ഹി: ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ നിയമ വിദ്യാര്‍ഥിക്ക് കശ്മീരിലുള്ള മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി അനുമതി. അദ്ദേഹത്തിന് സുരക്ഷയൊരുക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ മുഹമ്മദ് അലിം സെയ്ദാണ് കശ്മീരിലെ അനന്ത് നാഗ് ജില്ലയിലുള്ള മാതാപിതാക്കളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.
മാതാപിതാക്കളെ സന്ദര്‍ശിച്ചതിനുശേഷം ഇതുസംബന്ധിച്ച് സത്യവാങ്മൂലം നല്‍കാനും കോടതി അലിം സെയ്ദിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എസ്. അബ്ദുള്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
അലിം സെയ്ദിന് വ്യാഴാഴ്ച തന്നെ അനന്ത്‌നാഗിലേക്ക് പോകണമെന്നുണ്ടെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കോടതി ഉത്തരവ് അദ്ദേഹത്തിന് നല്‍കണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഡ്‌ഗെയോട് കോടതി നിര്‍ദേശിച്ചു.