കടല്‍ക്കൊലക്കേസ്: ഹര്‍ജി കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല; ഇറ്റാലിയന്‍ നാവികന് നാട്ടിലേക്കു പോകാമെന്ന് സുപ്രീം കോടതി
Daily News
കടല്‍ക്കൊലക്കേസ്: ഹര്‍ജി കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല; ഇറ്റാലിയന്‍ നാവികന് നാട്ടിലേക്കു പോകാമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th May 2016, 12:24 pm

italyന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തൊറെ ജെറോണിന് നാട്ടിലേക്കു പോകാന്‍ സുപ്രീം കോടതിയുടെ അനുമതി. ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി ജെറോണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല. മാനുഷിക പരിഗണന കണക്കിലെടുത്താണ് ഹര്‍ജി എതിര്‍ക്കാതിരുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

ഇതോടെ കടല്‍ക്കൊലക്കേസിലെ രണ്ടാമത്തെ പ്രതിക്കു കൂടി സ്വദേശത്തേക്കു മടങ്ങാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര മധ്യസ്ഥ കോടതിയില്‍ കേസ് തീര്‍പ്പാകും വരെ ഇറ്റലിയില്‍ തുടരാനാണ് സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്.

നാലുവര്‍ഷമായി ഇന്ത്യയിലെ ഇറ്റാലിയന്‍ എംബസിയില്‍ കഴിയുകയാണ് ജെറോണ്‍. മറ്റൊരു പ്രതിയായ മാസി മിലിയാനോ ലത്തോറെ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് നേരത്തെ ഇറ്റലിയിലേക്കു പോയിരുന്നു.

ഇന്ത്യയും ഇറ്റലിയും തമ്മിലെത്തിച്ചേര്‍ന്ന രാജ്യാന്തര ധാരണയുടെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥകളില്‍ ഇളവു നല്‍കി നാട്ടിലേക്കു പോകാന്‍ അനുവദിക്കണമെന്നായിരുന്നു ജെറോണിന്റെ ആവശ്യം. ജര്‍മ്മനിയിലെ രാജ്യാന്തര കോടതിയില്‍ കേസു തീര്‍പ്പാകുംവരെ ജെറോണിനെ ഇറ്റലിയിലേക്കു പോകാന്‍ അനുവദിക്കണമെന്ന് ഹേഗിലെ രാജ്യാന്തര മധ്യസ്ഥ ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു.

2012ല്‍ കൊല്ലം നീണ്ടകരയിലായിരുന്നു സംഭവം. രണ്ടു മത്സ്യത്തൊഴിലാളികളെ ഇവര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. കടല്‍ക്കൊള്ളക്കാരാണെന്നു കരുതി വെടിവെച്ചതാണെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.