ന്യൂദൽഹി: ശിവലിംഗം കണ്ടെത്തി എന്ന് ആരോപിക്കപ്പെടുന്ന വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിലെ വാട്ടർ ടാങ്ക് ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ നൽകിയ ഹരജിക്ക് അനുമതി നൽകി സുപ്രീം കോടതി.
നമസ്കരിക്കുന്നതിന് മുമ്പ് മുസ്‌ലിങ്ങൾ വുളു എടുക്കുന്ന ‘വസുഖാന’ എന്ന ടാങ്കിന്റെ പരിസരമാണ് ശുചീകരിക്കാൻ അനുമതി നൽകിയത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാരണാസിയിലെ ജില്ലാ മാജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ വസുഖാന ശുചീകരിക്കാനുള്ള അനുമതി നൽകിയത്.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് രണ്ട് വർഷമായി വാട്ടർ ടാങ്ക് സീൽ ചെയ്തിരിക്കുകയാണ്.
അതേസമയം ശുചീകരണത്തിന് അനുമതി നൽകണമെന്ന ഹരജി പള്ളി കമ്മിറ്റി എതിർത്തില്ല. വാട്ടർ ടാങ്ക് ശുചീകരിക്കുന്നതിനെ തങ്ങൾ അനുകൂലിക്കുന്നുവെന്ന് അവർ കോടതിയിൽ അറിയിച്ചു.
ടാങ്കിലെ മീനുകൾ ചത്തിട്ടുണ്ടാകുമെന്നും ടാങ്കിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടെന്നും കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നുണ്ട്. ടാങ്കിൽ ഹിന്ദുക്കൾക്ക് ഏറെ പവിത്രമായ ശിവലിംഗം ഉണ്ട് എന്നിരിക്കെ അതിനെ എല്ലാ തരം അഴുക്കിൽ നിന്നും മാറ്റിനിർത്തേണ്ടതുണ്ട് എന്നും ഹിന്ദു സ്ത്രീകൾ കോടതിയിൽ പറഞ്ഞു.
അതേസമയം മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദിലെ സർവേ സുപ്രീം കോടതി സ്റ്റേ ചെയ്തു. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. സർവ്വേ നടത്താൻ 3 അംഗ അഭിഭാഷ കമ്മീഷണർമാരെ നിയമിക്കാൻ കഴിഞ്ഞമാസം അലഹബാദ് ഹൈക്കോടതി അനുമതി നൽകിയിരുന്നു.
മസ്ജിദിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി ചിഹ്നങ്ങൾ ഉണ്ടെന്നും യഥാർത്ഥ സ്ഥാനം അറിയാൻ കമ്മീഷനെ നിയോഗിക്കണമെന്നുമായിരുന്നു ഹൈന്ദവ വിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്. ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവേയുടെ മാതൃകയിൽ തന്നെ ഷാഹി ഈദ് ഗാഹ് മസ്ജിദിലും നടത്തണമെന്നായിരുന്നു ആവശ്യം.
Content Highlight: SC allows cleaning of water tank in Gyanvapi mosque complex in Varanasi