| Friday, 9th May 2014, 11:41 am

പാമോലിന്‍ കേസ്: കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ വി.എസിന് സുപ്രീം കോടതി അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി അനുമതി.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായുള്ള രേഖകള്‍ ഹാജരാക്കാനാണ് കോടതി അനുമതി.  കേസില്‍  ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

തെളിവ് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന വി.എസിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. കേസ് ജൂലൈയില്‍ വീണ്ടും പരിഗണിക്കും. ആം ആദ്മി പാര്‍ട്ടി നേതാവുകൂടിയായ പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേനയാണ് വി.എസ് സുപ്രീംകോടതിയെ സമീപിച്ചത്. പാമോയില്‍ അഴിമതിക്കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ ഹരജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അത് അനുവദിക്കാനാവില്ലെന്ന് വിജിലന്‍സ് കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ ഹൈക്കോടതി സ്‌റ്റേ നീക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുഖജനാവിന് രണ്ടര കോടി രൂപയോളം നഷ്ടമുണ്ടാക്കിയ ഇടപാടില്‍ ഏതെങ്കിലും സ്വകാര്യ കമ്പനിക്കായി ഉമ്മന്‍ചാണ്ടി ഇടപെട്ടതിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more