ന്യൂദല്‍ഹി: വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദല്‍ഹിയില്‍ സ്‌മോഗ് ടവര്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ നിന്ന് പിന്‍മാറാനുള്ള ബോംബൈ ഐ.ഐ.ടിയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി.
അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗബെഞ്ചാണ് ഐ.ഐ.ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്‌മോഗ് ടവര്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് ഐ.ഐ.ടി അധികൃര്‍ വ്യക്തമാക്കിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയ്ക്ക് കോടതി നിര്‍മ്മാണ അനുമതി പുറപ്പെടുവിച്ചിട്ടും എങ്ങനെ ഇതില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയുന്നു? ഇതെന്താ കുട്ടിക്കളിയോ? ഇത്തരം കോമാളിത്തരം സഹിക്കാനാവില്ല. കോടതിയലക്ഷ്യത്തിന് സ്ഥാപനത്തിന് എതിരെ നടപടികള്‍ സ്വീകരിക്കേണ്ടി വരും- സുപ്രീം കോടതി അറിയിച്ചു.
അവസാന വാദം കേള്‍ക്കുന്നതിനിടെ ജൂലൈ 21 ന് ദില്ലിയില്‍ സ്‌മോഗ് ടവര്‍ സ്ഥാപിക്കുന്നതിനായി ഐഐടി ബോംബെ, ടാറ്റ പ്രോജക്ട് ലിമിറ്റഡ് എന്നിവയുമായി ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് (സിപിസിബി) കോടതി ആവശ്യപ്പെട്ടിരുന്നു. നിര്‍ദ്ദേശത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ജനുവരിയോടെ കോടതിയെ അറിയിക്കണമെന്നും ആറ് മാസത്തിനിപ്പുറം മറുപടി നീട്ടിക്കൊണ്ടു പോകരുതെന്നും ഉത്തരവില്‍ പറയുന്നു.
ആറ് മാസത്തിന് ശേഷം എങ്ങനെ അവര്‍ക്ക് കരാറില്‍ നിന്ന് പിന്‍മാറാന്‍ കഴിയും? സ്ഥാപനത്തിനെതിരെ കോടതിയക്ക് ശിക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടി വരും- ജസ്റ്റിസ് മിശ്ര പറഞ്ഞു.
അതേസമയം ഐ.ഐ.ടി പിന്‍മാറിയതിനെത്തുടര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ മറ്റ് അനുയോജ്യമായ സ്ഥാപനങ്ങളെ അന്വേഷിക്കുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. എന്നാല്‍ ഈ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്ന് കോടതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ