ന്യൂദല്‍ഹി: ദല്‍ഹിയിലെ വായു മലിനീകരണത്തില്‍ സംസ്ഥാന-കേന്ദ്രസര്‍ക്കാറുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. വായു മലിനീകരണത്തിന്റെ കാരണങ്ങളിലൊന്നായ വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ സാധിക്കാത്തതിനാലാണ് കേന്ദ്രസര്‍ക്കാറിനെയും പഞ്ചാബ്-ഹരിയാന സര്‍ക്കാറുകളെയും സുപ്രീംകോടതി വിമര്‍ശിച്ചത്.
‘വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് ബദല്‍ പരിഹാര മാര്‍ഗങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. സര്‍ക്കാറിന്റെ വീഴ്ചകള്‍ക്ക് കര്‍ഷകര്‍ ശിക്ഷിക്കപ്പെടുന്നത് അനുവദിക്കാനാകില്ല. അവശിഷ്ടങ്ങള്‍ കത്തിക്കുമെന്ന് അറിയാമായിരിന്നിട്ടും മുന്‍കൂട്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരുകള്‍ക്ക് എന്താണ് പണിയെന്നും’ കോടതി ചോദിച്ചു.
‘ജനങ്ങള്‍ വീടുകളില്‍ പോലും സുരക്ഷിതരല്ല. വിമാനങ്ങള്‍ വായുമലിനീകരണം മൂലം വഴിതിരിച്ച് വിടുകയാണ്. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളതെന്നും’ സര്‍ക്കാറുകളോട് സുപ്രീംകോടതി ചോദിച്ചു.
വയല്‍ അവശിഷ്ടങ്ങള്‍ തിന്നാല്‍ കന്നുകാലികള്‍ ചാകുമെന്നും അതുകൊണ്ടാണ് കത്തിക്കുന്നതെന്നും പറഞ്ഞ പഞ്ചാബ് ചീഫ് സെക്രട്ടറിയോട് മനുഷ്യ ജീവനേക്കാള്‍ വലുതാണോ കാലികളുടെ ജീവനെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.
ഉത്തരവാദിത്വം നിറവേറ്റാനാകുന്നില്ലെങ്കില്‍ രാജിവക്കാന്‍ പഞ്ചാബ് ചീഫ് സെക്രട്ടറിയോട് കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ വയല്‍ അവശിഷ്ടങ്ങളും കര്‍ഷകരില്‍ നിന്ന് ഏറ്റെടുക്കാനും ഭാവിയിലേക്കുള്ള മാര്‍ഗരേഖ തയ്യാറാക്കാനും പഞ്ചാബ് സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.
എല്ലാവര്‍ഷവും നടക്കുന്ന ആസൂത്രിതമായ കുറ്റകൃത്യമാണ് വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത് തടയാന്‍ ഏഴ് ദിവസത്തിനുള്ളില്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാറുകള്‍ കര്‍മ്മ പദ്ധതി തയാറാക്കി സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.