ന്യൂദൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ എസ്.ബി.ഐക്ക് വീണ്ടും സുപ്രീം കോടതിയുടെ വിമർശനം. എല്ലാ വിവരങ്ങളും നൽകാനാണ് നിർദേശം നൽകിയതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എസ്.ബി.ഐയോട് പറഞ്ഞു.
മുഴുവൻ വിവരങ്ങളും ഇല്ലാത്തത് എന്തെന്ന് ചോദിച്ച കോടതി സീരിയൽ നമ്പർ വിവരങ്ങൾ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും ഉടൻ തന്നെ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു.
എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി സത്യവാങ്മൂലം നൽകണമെന്ന് കോടതി എസ്.ബി.ഐയെ അറിയിച്ചതിന് പിന്നാലെ സീരിയൽ നമ്പർ വെളിപ്പെടുത്താൻ തയ്യാറാണെന്ന് എസ്.ബി.ഐ അറിയിച്ചു.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണോ വാദിക്കുന്നത് എന്ന് ചോദിച്ച കോടതി, തങ്ങൾ ആവശ്യപ്പെട്ടാലേ എല്ലാം വെളിപ്പെടുത്തൂ എന്ന സമീപനം അംഗീകരിക്കില്ലെന്നും പറഞ്ഞു.
അതേസമയം സീരിയൽ നമ്പർ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കക്ഷിചേരാൻ വ്യവസായ സംഘടനകളും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇപ്പോൾ പരിഗണിക്കാനാവില്ല എന്ന് കോടതി അറിയിച്ചു.
വാദം കേൾക്കുമ്പോൾ എന്തുകൊണ്ട് വന്നില്ല എന്ന് കോടതി വ്യവസായ സംഘടനകളോട് ചോദിച്ചു.
ബോണ്ടുകൾ വ്യാജമല്ലെന്ന് ബാങ്ക് എങ്ങനെ അറിയുമെന്ന് കോടതി ചോദിച്ചു.
ഇലക്ടറൽ ബോണ്ടുകളിൽ നിന്ന് എത്ര പണം കൈപ്പറ്റി എന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ മുദ്ര വെച്ച കവറിൽ നൽകിയ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.
Content Highlight: SC against SBI again; urgest submit details of electoral bond