ന്യൂദല്‍ഹി: മഹാത്മാഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുംബൈ സ്വദേശി നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതി നടപടി.
അഭിനവ് ഭാരതിന്റെ ട്രസ്റ്റിയായ പങ്കജ് ഫഡ്‌നിസാണ് ഗാന്ധി വധത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വധത്തില്‍ മൂന്നാമതൊരാള്‍കൂടി പങ്കാളിയായിരുന്നെന്നും എന്നാല്‍ ഇക്കാര്യം അന്വേഷണത്തില്‍ വന്നില്ലെന്നുമായിരുന്നു പങ്കജ് ഹര്‍ജിയില്‍ പറഞ്ഞത്. ഹര്‍ജി സ്വീകരിച്ച ജസ്റ്റിസ് എസ്.എ ബോഡ്‌ബെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് അമിക്കസ് ക്യൂറിയെ നിയോഗിക്കുകയായിരുന്നു.
രാഷ്ട്രീയ വികാരങ്ങളുടെ പുറത്ത് തങ്ങള്‍ക്ക് മുന്നോട്ട് പോകാനാകില്ലെന്ന് പറഞ്ഞ കോടതി നിങ്ങള്‍ക്ക് കേസില്‍ പുനരന്വേഷണം ആവശ്യമാണോയെന്ന് പരാതിക്കാരനോട് ചോദിക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ അമരീന്ദ്രശരണിനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്.
Dont Miss: കേരളത്തിലെ ബി.ജെ.പിയുടെ ശത്രു ബി.ജെ.പി തന്നെ; ഇന്ത്യാ ടുഡേ നിരത്തുന്ന അഞ്ച് കാരണങ്ങള്‍
1948 ജനുവരി 30 നായിരുന്നു രാജ്യതലസ്ഥാനത്തുവച്ച് തീവ്ര ഹിന്ദുത്വ വാദിയായ നാഥുറാം വിനായക ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെുന്നത്.