| Tuesday, 12th July 2016, 11:17 am

എസ്.ബി.ടി മൂന്ന് മേഖലകളില്‍ പുറംജോലി കരാറുകള്‍ നല്‍കുന്നു: നിലവിലുള്ളവര്‍ക്ക് തൊഴില്‍ നഷ്ടമാകില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:എസ്.ബി.ടി മൂന്ന് മേഖലകളില്‍ പുറംജോലി കരാറുകള്‍ നല്‍കുന്നു. എസ്.ബി.ഐയുമായുള്ള ലയനത്തിന് മുന്നോടിയായാണ് നടപടി.

ശുചിത്വം, സുരക്ഷ, എ.ടി.എമ്മില്‍ പണം നിറയ്ക്കല്‍ എന്നീ ജോലികള്‍ പുറത്തു നല്‍കാനാണ് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയത്.

അതേസമയം നിലവിലുള്ളവര്‍ക്ക് ജോലി നഷ്ടമാകില്ല. എന്നാല്‍ ഈ ജോലികള്‍ക്ക് പുതിയ നിയമനമുണ്ടാകില്ലെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

രണ്ടുമാസം മുമ്പുചേര്‍ന്ന എസ്.ബി.ടി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ചില ജോലികള്‍ക്ക് പുറംകരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. ബാങ്കിലെ സ്വീപ്പര്‍ ജോലിക്കാര്‍ മിക്കവരും സ്ഥിരം ജീവനക്കാരാണ്. ബാങ്കിലെ കാഷ്യര്‍മാര്‍ തന്നെയാണ് എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്നതും.

സെക്യൂരിറ്റി ജോലിക്കാരും ബാങ്കിലെ സ്ഥിരം ജീവനക്കാര്‍ തന്നെയാണ്.എസ്.ബി.ഐയില്‍ ഈ ജോലികളെല്ലാം പുറംകരാര്‍ നല്‍കിയിരിക്കുകയാണ്. ലയനത്തിനുമുമ്പായി എസ്.ബി.ടിയും ഈ മാനദണ്ഡത്തിലേക്ക് എത്തുന്നതിനാണ് നടപടി.

എസ്ബിടിയിലെ ആയിരത്തോളം വരുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ കഴിഞ്ഞ ദിവസം എസ്ബിഐ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ജീവനക്കാരുടെ ഇടയില്‍ നിന്നും ഉണ്ടായത്.

We use cookies to give you the best possible experience. Learn more