കോണ്‍ഗ്രസ് ഭരണത്തില്‍ ഇത്ര അനീതിയോ ഏകാധിപത്യമോ ഉണ്ടായിരുന്നില്ല; ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വോട്ടു തേടി ബി.ജെ.പി സഖ്യകക്ഷി
D' Election 2019
കോണ്‍ഗ്രസ് ഭരണത്തില്‍ ഇത്ര അനീതിയോ ഏകാധിപത്യമോ ഉണ്ടായിരുന്നില്ല; ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വോട്ടു തേടി ബി.ജെ.പി സഖ്യകക്ഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2019, 7:50 am

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയും സഖ്യകക്ഷിയായ സുഹ്‌ലേദേവ്‌ ഭാരതീയ സമാജ് പാര്‍ട്ടിയും(എസ്.ബി.എസ്.പി) തമ്മിലുള്ള വിള്ളലുകള്‍ രൂക്ഷമാകുന്നു. മിര്‍സാപുറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ലളിതേഷ് ത്രിപാഠിക്ക് വോട്ടു ചോദിച്ചു കൊണ്ടാണ് യോഗി ആദിത്യനാഥ് മന്ത്രി സഭയിലെ അംഗമായിരുന്ന ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള എസ്.ബി.എസ്.പി ബി.ജെ.പിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

‘കോണ്‍ഗ്രസിന്റെ കാലത്ത് പാവപ്പെട്ടവര്‍ ഇത്രയും അനീതി നേരിടേണ്ടി വന്നിട്ടില്ല. ഇത്രയും ഏകാധിപത്യം അനുഭവിക്കേണ്ടി വന്നിട്ടില്ല. പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കും. അവരുടെ പദ്ധതികള്‍ അടിസ്ഥാനവര്‍ഗത്തിലേക്കെത്തും’- എസ്.ബി.എസ്.പി ജനറല്‍ സെക്രട്ടറി അരുണ്‍ രാജ്ഭര്‍ പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ എസ്.ബി.എസ്.പിയും ബി.ജെ.പിയും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കം പാരമ്യത്തിലെത്തുകയായിരുന്നു.

ഇതിനു പിന്നാലെ സംസ്ഥാനത്ത് 40 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഒ.പി രാജ്ഭര്‍ അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി എന്‍.ഡി.എയില്‍ നിന്നും ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല.

നേരത്തെ, യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് ഏപ്രില്‍ 13-നു താന്‍ രാജിവെച്ചതാണെന്നും എന്നാല്‍ ഇതുവരെ രാജി സ്വീകരിച്ചിട്ടില്ലെന്നും ഒ.പി രാജ്ഭര്‍ വെളിപ്പെടുത്തിയിരുന്നു.

ബി.ജെ.പി ചിഹ്നത്തില്‍ താനും മത്സരിക്കണമെന്നായിരുന്നു ആവശ്യമെന്നും എന്നാല്‍ താന്‍ ഒരേയൊരു സീറ്റില്‍ നിന്നേ മത്സരിക്കുന്നുള്ളൂവെന്നും അതു തന്റെ പാര്‍ട്ടിയുടെ ചിഹ്നത്തിലാണെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബി.ജെ.പി അതംഗീകരിച്ചില്ല. തുടര്‍ന്നാണു താന്‍ രാജിവെച്ചതെന്നായിരുന്നു രാജ്ഭര്‍ പറഞ്ഞത്. സര്‍ക്കാരിലെ പിന്നാക്കക്ഷേമ മന്ത്രിയാണ് രാജ്ഭര്‍.

ബല്ലിയയടക്കമുള്ള സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ തന്റെ പേരുപയോഗിച്ചാണ് ബി.ജെ.പി പ്രചാരണം നടത്തുന്നതെന്നും അവരുപയോഗിക്കുന്ന പോസ്റ്ററുകളിലും വാഹനങ്ങളിലും തന്റെ ചിത്രങ്ങള്‍ കാണാമെന്നും രാജ്ഭര്‍ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയെന്നും എന്നാല്‍ ബി.ജെ.പിക്ക് അനുകൂലമായാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.