കൊച്ചി: അക്കൗണ്ട് ഉടമ മരിച്ചാലും സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ എസ്.ബി.ഐ. പരേതരുടെ അക്കൗണ്ടിലുള്ള തുക അവകാശിക്ക് നല്‍കുന്നതിനും എസ്.ബി.ഐ പണം ഈടാക്കും. അക്കൗണ്ടില്‍ നിന്നോ നോമിനിയുടെ കൈയില്‍ നിന്നോ പണം ഈടാക്കുകയാണ് ചെയ്യുക.
അക്കൗണ്ട് ഉടമ മരിച്ചാല്‍ അവകാശത്തില്‍ തീര്‍പ്പുകല്‍പ്പിച്ചശേഷം തുക അവകാശിക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. അവകാശിക്ക് അക്കൗണ്ടിലുള്ള തുക പണമായി വാങ്ങുകയോ സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റുകയോ ആവാം. ഇതിനു സര്‍വ്വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നാണ് നിയമം.
ഈ രീതിയ്ക്കാണ് എസ്.ബി.ഐ മാറ്റംകൊണ്ടുവന്നിരിക്കുന്നത്. 500രൂപയാണ് എസ്.ബി.ഐ ഇത്തരത്തില്‍ ചാര്‍ജായി ഈടാക്കുന്നത്. എസ്.ബി.ഐയുടെ ഈ നീക്കത്തിനെതിരെ ബാങ്കിങ് ഓംബുഡ്‌സ്മാന് നിരവധി പരാതികളാണ് ലഭിച്ചത്.
ജൂണ്‍ ഒന്നുമുതല്‍ എല്ലാ സേവനങ്ങള്‍ക്കും വന്‍തുക വര്‍ധിപ്പിച്ച് ഇറക്കിയ വിജ്ഞാപനത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍ പലര്‍ക്കും അവകാശം തീര്‍പ്പുകല്‍പ്പിച്ചശേഷം തുക കിട്ടിയപ്പോള്‍ ചാര്‍ജ് കഴിച്ചുള്ള തുകയേ ലഭിക്കുന്നുള്ളൂ. ബാങ്കധികൃതര്‍ വാക്കാല്‍ വിശദീകരണം നല്‍കുന്നതല്ലാതെ രശീത് നല്‍കുന്നില്ലെന്നും പരാതിയുണ്ട്.