| Wednesday, 20th September 2017, 8:46 am

'സര്‍ക്കാര്‍ വാദം പൊളിയുന്നു'; രാജ്യത്ത് സാമ്പത്തികമാന്ദ്യമുണ്ടെന്ന് എസ്.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്ത് സാമ്പത്തികമാന്ദ്യമുണ്ടെന്ന് ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ ഗവേഷണ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അവകാശപ്പെടുന്ന സാമ്പത്തിക ഭദ്രതയെ ചോദ്യം ചെയ്യുന്നതാണ് എസ്.ബി.ഐയുടെ റിപ്പോര്‍ട്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാമ്പത്തികമാന്ദ്യം യാഥാര്‍ത്ഥ്യമാണെന്നും സാങ്കേതികമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വിപണിയില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്നും സാമ്പത്തിക നില പരുങ്ങലിലാണെന്നും എസ്.ബി.ഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു.


Also Read: കോടിയേരിയും ജയരാജനും ഹിറ്റ്‌ലിസ്റ്റിലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്


2016 സെപ്തംബര്‍ മുതല്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് താഴോട്ടാണെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ നോട്ടുനിരോധനം നിര്‍മ്മാണ മേഖലയെ കാര്യമായി ബാധിച്ചെന്നും ഇതുവഴി വളര്‍ച്ചാനിരക്ക് കുത്തനെ ഇടിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജി.ഡി.പി 5.7 ആയി കുറഞ്ഞിരുന്നു. മൂന്നു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

എന്നാല്‍ നോട്ടുനിരോധനവും ജി.എസ്.ടിയും സാമ്പത്തികരംഗത്ത് കോട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം. മാന്ദ്യം സാങ്കേതികം മാത്രമാണെന്നാണ് കഴിഞ്ഞദിവസം ബി.ജെ.പി.അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നത്.

ധന വിനിയോഗം കൂട്ടാന്‍ സര്‍ക്കാര്‍ ഉടന്‍ ധനനയം രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2008-ലെ ആഗോളസാമ്പത്തിക മാന്ദ്യത്തിനുശേഷം മുന്‍സര്‍ക്കാര്‍ ഇതുപോലെ സമ്പദ്ഘടനയില്‍ ഇടപെടലുകള്‍ നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

We use cookies to give you the best possible experience. Learn more