ന്യൂദല്‍ഹി: വിവരാവകാശ നിയമ പ്രകാരം ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് എസ്.ബി.ഐ. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ബാങ്കിന്റെ വ്യക്തിപരമായ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണെന്നായിരുന്നു വിശദീകരണം.
വിവരാവകാശ നിയമത്തിലെ രണ്ട് വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എസ്.ബി.ഐ വിവരാവകാശ അപേക്ഷ തള്ളിയത്. വിശ്വാസയോഗ്യമായ രേഖകള്‍, വ്യക്തിഗത വിവരങ്ങള്‍ തടഞ്ഞുവെക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് എസ്.ബി.ഐയുടെ നടപടി.
ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ അവ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും എസ്.ബി.ഐ പറഞ്ഞു. അതിനാല്‍ അറിയേണ്ട കാര്യങ്ങള്‍ പൊതുമധ്യത്തിലുണ്ടെന്നും എസ്.ബി.ഐ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഗുജറാത്തില്‍ ദളിത് കര്‍ഷക കുടുംബത്തെ ഭീഷണിപ്പെടുത്തി ഇലക്ടറല്‍ ബോണ്ട് വാങ്ങിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇരട്ടി ലാഭം വാഗ്ദാനം ചെയ്തും ആദായ നികുതി വകുപ്പ് കേസ് ചുമത്തുമെന്നും ഭീഷണിപ്പെടുത്തി അദാനി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥന്‍ 11 കോടിയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ഇതില്‍ പത്ത് കോടി ബി.ജെ.പി തട്ടിയെടുത്തെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2023 ഒക്ടോബര്‍ 11ന് ഗുജറാത്തിലെ അഞ്ജാറില്‍ നിന്നുള്ള സവാകര മാന്‍വറിന്റെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ പേരില്‍ 11,00,14,000 രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്. ‘ദി ക്വിന്റ്’ വെബ് പോര്‍ട്ടലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
അദാനി ഗ്രൂപ്പിന് കീഴിലുള്ള വെല്‍സ്പണ്‍ എന്റര്‍പ്രൈസിസ് സീനിയര്‍ മാനേജരായ മഹേന്ദ്ര സിങ് സോധയാണ് കുടുംബത്തിലെ അംഗങ്ങളെ കൊണ്ട് ബോണ്ടുകള്‍ എടുപ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 11 കോടിയില്‍ നിന്ന് 10 കോടി ബി.ജെ.പിയുടെ അക്കൗണ്ടിലേക്കും ഒരു കോടി ശിവസേനയുടെ അക്കൗണ്ടിലേക്കും മാറ്റിയതായി വ്യക്തമാകുന്നു.
Content Highlight: SBI said that electoral bond information cannot be provided under the Freedom of Information Act