| Tuesday, 7th March 2023, 4:01 pm

ഇന്ത്യ ഹിന്ദു റേറ്റിനോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്ന രഘുറാം രാജന്റെ പരാമര്‍ശം തള്ളി എസ്.ബി.ഐ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ ഹിന്ദു റേറ്റിനോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്ന രഘുറാം രാജന്റെ പരാമര്‍ശം തള്ളി എസ്.ബി.ഐയുടെ റിസര്‍ച്ച് റിപ്പോര്‍ട്ട്. അത്തരം പരാമര്‍ശങ്ങള്‍ അവിവേകവും, പക്ഷപാതപരമാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

‘ ജി.ഡി.പി നിരക്കുമായി ബന്ധപ്പെട്ട് നടത്തിയ ത്രൈമാസിക കണക്കുകള്‍ നിരത്തിയുള്ള പരാമര്‍ശങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്,’ എസ്.ബി.ഐ റിപ്പോര്‍ട്ടായ എക്കോറാപ്പില്‍ പരാമര്‍ശിക്കുന്നു.

കഴിഞ്ഞ ദിവസം മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇന്ത്യ ഹിന്ദു റേറ്റിനോട് അടുത്ത് നില്‍ക്കുകയാണെന്ന് പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എക്കോറാപ്പിന്റെ പ്രതികരണം.

ത്രൈമാസിക വളര്‍ച്ചാ നിരക്കുകള്‍ വിശദീകരണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന വാദം നിലനില്‍ക്കെ രഘുറാം രാജന്‍ നടത്തിയ പരാമര്‍ശം പക്ഷാപാതപരവും, തെറ്റായതുമാണെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസര്‍ സൗമ്യ കാന്തി ഘോഷ് പറഞ്ഞതായി സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂലധന സമ്പാദ്യം 2021-22 കാലഘട്ടത്തില്‍ 30 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇത് 2022-23 കാലയളവില്‍ 32 ശതമാനത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്പുറത്തിറക്കിയ കണക്കിന്റെ അടിസ്ഥാനത്തിലായിരുന്നു സാമ്പത്തിക വിദഗ്ദന്‍ കൂടിയായ രഘുറാം രാജന്റെ പരാമര്‍ശം. സ്വകാര്യ മേഖലയിലെ നിക്ഷേപം കുറഞ്ഞതും പലിശ നിരക്ക് കൂടിയതും ആഗോള വളര്‍ച്ച നിരക്ക് കുറഞ്ഞതും ഇന്ത്യന്‍ സാമ്പത്തിക രംഗം ‘ഹിന്ദു റേറ്റിനോട്’ അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.

1950 മുതല്‍ 1980 വരെ ഇന്ത്യന്‍ സാമ്പത്തിക രംഗത്തുണ്ടായ കുറഞ്ഞ വളര്‍ച്ചനിരക്കാണ് ഹിന്ദു റേറ്റ് എന്നറിയപ്പെടുന്നത്. ഇക്കാലയളവില്‍ നാല് ശതമാനമായിരുന്നു ഇന്ത്യയുടെ വളര്‍ച്ചനിരക്ക്. മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയെ സൂചിപ്പിക്കാനായി 1978ല്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ രാജ് കൃഷ്ണയാണ് ‘ഹിന്ദു റേറ്റെന്ന’ പദം ആദ്യമായി ഉപയോഗിച്ചത്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍(ഒക്ടോബര്‍-ഡിസംബര്‍) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 4.4 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് രഘുറാം രാജന്‍ പറഞ്ഞിരുന്നു. രണ്ടാം പാദ(ജൂലൈ-സെപ്റ്റംബര്‍)ത്തില്‍ ഇത് 6.3 ശതമാനമായിരുന്നു. ഒന്നാം പാദത്തില്‍ജി.ഡി.പി 13.2 ശതമാനമുണ്ടായിരുന്നു.

ഓരോ പാദത്തിലും ജി.ഡി.പിയിലും വളര്‍ച്ചാ നിരക്കിലും കുറവാണ് രേഖപ്പെടുത്തുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ 1950കളില്‍ രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘രാജ്യത്തിന്റെ ജി.ഡി.പിയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുന്ന കുറവിനെ വളരെ ആശങ്കയോടെയാണ് കാണേണ്ടത്. സ്വകാര്യ നിക്ഷേപകര്‍ മാര്‍ക്കറ്റില്‍ പണമിറക്കാന്‍ തയ്യാറാവുന്നില്ല, റിസര്‍വ് ബാങ്ക് പലിശ നിരക്ക് കൂട്ടിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ചയിലും വലിയ കുറവ് കാണാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പിടിച്ച് നിര്‍ത്താന്‍ മറ്റുപല പദ്ധതികളും ആസൂത്രണം ചെയ്യേണ്ടി വരും,’ രഘുറാം രാജന്‍ പറഞ്ഞു.

Content Highlight: SBI Report slams raghuram rajan’s statemenr

We use cookies to give you the best possible experience. Learn more