ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പ്പനയും വീണ്ടെടുക്കലും സംബന്ധിച്ച നടപടിക്രമം വെളിപ്പെടുത്താനുള്ള അഭ്യര്‍ത്ഥന നിരസിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിയമത്തിലെ കൊമേഴ്ഷ്യല്‍ കോന്‍ഫിഡന്‍സ് പ്രകാരമുള്ള ഇളവ് ഉദ്ധരിച്ചാണ് വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് എസ്.ബി.ഐ മറുപടി നല്‍കിയത്.
ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജാണ് വിഷയത്തില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചത്. ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പ്പനയും വീണ്ടെടുക്കലും സംബന്ധിച്ച് എസ്.ബി.ഐ അതിന്റെ അംഗീകൃത ശാഖകള്‍ക്ക് നല്‍കിയ പ്രവര്‍ത്തന നടപടിക്രമങ്ങള്‍ വ്യക്തമാക്കണമെന്ന് അപേക്ഷയില്‍ അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇവ നല്‍കാന്‍ സാധിക്കില്ലെന്ന് രേഖാമൂലം എസ്.ബി.ഐ മറുപടി നല്‍കുകയായിരുന്നു. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് വിവിധ ബ്രാഞ്ചുകള്‍ക്ക് ആഭ്യന്തരമായി സര്‍ക്കുലര്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8(1)(ഡി) പ്രകാരം നല്‍കേണ്ടതില്ലെന്ന് എസ്.ബി.ഐയുടെ സെന്‍ട്രല്‍ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും ഡെപ്യൂട്ടി ജനറല്‍ മാനേജറുമായ എം. കണ്ണ ബാബു മറുപടി നല്‍കി.
സംഭവത്തില്‍ പ്രതികരിച്ച് അപേക്ഷ സമര്‍പ്പിച്ച അഞ്ജലി ഭരദ്വാജും രംഗത്തെത്തി. മറുപടി തന്നെ ഞെട്ടിപ്പിച്ചെന്നാണ് അവര്‍ പറഞ്ഞത്. ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇപ്പോഴും എസ്.ബി.ഐ തയ്യാറാകുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
ബോണ്ടുകളുടെ ആല്‍ഫാന്യൂമെറിക് നമ്പറുകള്‍ ഉള്‍പ്പടെ വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി എസ്.ബി.ഐയെ അറിയിച്ചതിന് പിന്നാലെയാണ് അഞ്ജലി അപേക്ഷ സമര്‍പ്പിച്ചത്. ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും, പ്രത്യേകിച്ച് വാങ്ങുന്നവരുടെ പേരുകള്‍, തുക, വാങ്ങിയ തീയതി എന്നിവ വെളിപ്പെടുത്തണെമന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
Content Highlight: SBI refuses to disclose SOP for sale, redemption of electoral bonds in RTI reply