| Thursday, 21st March 2024, 5:25 pm

ഇലക്ടറല്‍ ബോണ്ട് കേസ്; മുഴുവന്‍ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്.ബി.ഐ. സീരിയല്‍ നമ്പറുകള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് വിവരങ്ങള്‍ എസ്.ബി.ഐ കൈമാറിയിരിക്കുന്നത്.

എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയതായി എസ്.ബി.ഐ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര സുപ്രീം കോടതിയെ അറിയിച്ചു. തങ്ങളുടെ കൈവശവും കസ്റ്റഡിയിലുള്ളതുമായ ഇലക്ടറല്‍ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും മാര്‍ച്ച് 21ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് എസ്.ബി.ഐ പറഞ്ഞു.

ബാങ്കുകളില്‍ നിന്ന് ബോണ്ടുകള്‍ വാങ്ങിയവരെയും അത് വീണ്ടെടുത്ത രാഷ്ട്രീയ പാര്‍ട്ടികളെയും കുറിച്ച് സീരിയല്‍ നമ്പറുകള്‍ വ്യക്തമായ ധാരണ നല്‍കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സീരിയല്‍ നമ്പര്‍, യു.ആര്‍.എന്‍ നമ്പര്‍, ജേണല്‍ തീയതി, വാങ്ങിയ തീയതി, കാലഹരണപ്പെട്ട തീയതി, വാങ്ങുന്നയാളുടെ പേര്, പ്രിഫിക്‌സ്, ബോണ്ട് നമ്പര്‍, ഡിനോമിനേഷന്‍, ഇഷ്യൂ ബ്രാഞ്ച് കോഡ്, ഇഷ്യൂ ടെല്ലര്‍, സ്റ്റാറ്റസ് എന്നിങ്ങനെ ബോണ്ടുകള്‍ വാങ്ങിയ ആളുകളുടെ വിവരങ്ങളാണ് എസ്.ബി.ഐ വ്യാഴാഴ്ച കൈമാറിയത്.

ഇതിനുപുറമെ ബോണ്ടുകള്‍ വീണ്ടെടുത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സീരിയല്‍ നമ്പര്‍, എന്‍കാഷ്‌മെന്റ് തീയതി, രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്, അക്കൗണ്ട് നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍, പ്രിഫിക്‌സ്, ബോണ്ട് നമ്പര്‍, ഡിനോമിനേഷന്‍, പേ ബ്രാഞ്ച് കോഡ്, പേ ടെല്ലര്‍ തുടങ്ങിയവ.

അക്കൗണ്ടിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികളുടെ പൂര്‍ണമായ ബാങ്ക് അക്കൗണ്ട് നമ്പറുകളും കെ.വൈ.സി വിവരങ്ങളും പരസ്യപ്പെടുത്താന്‍ കഴിയില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എസ്.ബി.ഐ പറഞ്ഞു.

എസ്.ബി.ഐയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി.

Content Highlight: SBI has handed over all the information related to the electoral bond to the Election Commission

We use cookies to give you the best possible experience. Learn more