ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുനവ്വറലി തങ്ങള്‍; യഥാര്‍ത്ഥ മുസ്‌ലിം ക്രിസ്മസ് ആശംസിക്കാനോ ആഘോഷിക്കാനോ പാടില്ലെന്ന് കമന്റുകള്‍
Kerala News
ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുനവ്വറലി തങ്ങള്‍; യഥാര്‍ത്ഥ മുസ്‌ലിം ക്രിസ്മസ് ആശംസിക്കാനോ ആഘോഷിക്കാനോ പാടില്ലെന്ന് കമന്റുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th December 2024, 11:10 am

കോഴിക്കോട്: ക്രിസ്മസ് ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച സയ്യിദ് മുനവ്വറലി തങ്ങള്‍ക്ക് നേരെ വിമര്‍ശനം. അശാന്തിയുടെ കാലഘട്ടത്തില്‍ ലോകത്ത് നടക്കുന്ന അനീതികള്‍ക്കെതിരെ ഏവരും ഒരുമിച്ച് നില്‍ക്കണമെന്നും അതാണ് ക്രിസ്മസിന്റെ യഥാര്‍ത്ഥ ഉദ്ദേശം എന്നീ കാര്യങ്ങളാണ് അദ്ദേഹം തന്റെ ആശംസ കുറിപ്പിലൂടെ പങ്കുവെച്ചത്.

എന്നാല്‍ ഈ ആശംസ സാമൂഹ മാധ്യമങ്ങളിലെ ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിരിക്കുകയാണ്.  പോസ്റ്റിന് താഴെ ഇസ്‌ലാം മത വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിക്കാനോ ആശംസകള്‍ നേരാനോ പാടില്ലെന്ന് പറഞ്ഞ് നിരവധി ആളുകള്‍ തങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തി.

വിശുദ്ധ ഖുര്‍ആന്‍ വളരെ ക്ഷണികമായി എതിര്‍ത്ത വിശ്വാസമാണ് അതെന്നും അതിനാല്‍ തന്നെ പടച്ചവന് കുഞ്ഞുപിറന്നു എന്നു പറഞ്ഞു മറ്റു മതക്കാര്‍ ആഘോഷിക്കുമ്പോള്‍, അതില്‍ പങ്കുകൊള്ളാനോ ആശംസയര്‍പ്പിക്കാനോ യഥാര്‍ത്ഥ മുസ്‌ലിമിന് സാധ്യമല്ല, മതസൗഹാര്‍ദ്ദം പരസ്പര ഐക്യത്തിലും കാരുണ്യത്തിലുമാണ് വേണ്ടത് അല്ലാതെ മതാഘോഷങ്ങളിലും ആരാധനകളിലും അല്ല എന്നിങ്ങനെ പോവുന്നു കമന്റുകള്‍.

പ്രതീക്ഷയുടെ സന്ദേശമാണ് ക്രിസ്മസ്. യേശുദേവന്റെ സ്മരണകള്‍ പുതുക്കി ക്രിസ്തീയ സഹോദരങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ അത് നാടിന്റെ വൈവിധ്യ പൂര്‍ണമായ സംസ്‌ക്കാരത്തിന്റെ അടയാളപ്പെടുത്തലാകുന്നുവെന്നും ഡിസംബര്‍ മാസത്തില്‍ ഉയരുന്ന ക്രിസ്മസ് നക്ഷത്രങ്ങള്‍ പകരുന്ന ആ സാഹോദര്യത്തിന്റെ സന്ദേശം വളരെ വലുതാണെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണിപ്പൂരിലടക്കം ക്രിസ്തീയ ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പരാമര്‍ശിക്കാതെ ഈ ക്രിസ്തുമസ് സന്ദേശം പൂര്‍ണമാകില്ലെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.

മനുഷ്യനെ പരസ്പരം അകറ്റുവാന്‍ ശ്രമിക്കുന്ന എല്ലാ ചിദ്രശക്തികള്‍ക്കെതിരെയും മനുഷ്യര്‍ ഒരുമിച്ച് നില്‍ക്കണമെന്ന സന്ദേശമാണ് ക്രിസ്മസ് ആഘോഷത്തിന്റെ ആധാരമെന്നും അതിനാല്‍ പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും സന്ദേശം പകര്‍ന്ന് ക്രിസ്മസ് ആഘോഷിക്കാം എന്ന് പറഞ്ഞാണ് മുനവ്വറലി തങ്ങള്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

എന്നാല്‍ മുനവ്വറലി തങ്ങള്‍ പറഞ്ഞതുപോലെ സ്റ്റാര്‍ തൂക്കലും, പുല്‍ക്കൂട് ഉണ്ടാക്കലും, സാന്താക്ലോസിന്റെ വേഷം കെട്ടലും, ആശംസ അറിയിക്കലും, ഒന്നും അല്ലാഹുവില്‍ വിശ്വാസിക്കുന്ന ഒരു വിശ്വാസിക്ക് ഭൂഷണമല്ല എന്നാണ് ഒരു ഫേസ്ബുക്ക് ഉപയോക്താവ് കമന്റ് ചെയ്തത്.

ഒരാള്‍ ഒരു ജനതയെ അനുകരിക്കുന്ന പക്ഷം അവന്‍ അവരില്‍ പെട്ടവന്‍ തന്നെയാണ്, നാമല്ലാത്തവരെ അനുകരിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. നിങ്ങള്‍ യഹൂദരെയും ക്രിസ്ത്യാനികളെയും അനുകരിച്ച് പ്രവര്‍ത്തിക്കരുത് എന്ന് പ്രവാചകനായ മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട് എന്നും കമന്റില്‍ പറയുന്നു.

ഒരു മുസ്‌ലിം മത സൗഹാര്‍ദ്ദമല്ല മുറുകെ പിടിക്കേണ്ടതെന്നും മനുഷ്യ സൗഹാര്‍ദ്ദമാണെന്നും മറ്റു മതങ്ങളുടെ വിശ്വാസ ആചാരങ്ങളുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിനും ആശംസ അര്‍പ്പിക്കല്‍ പാടില്ലെന്ന് ഇസ്‌ലാമിക കര്‍മ ശാസ്ത്ര കിതാബുകളില്‍ എഴുതപ്പെട്ടിട്ടുണ്ടെന്നും കമന്റില്‍ പറയുന്നു.

അതിനാല്‍ ആശംസ പറയുമ്പോള്‍ ഇതര മത വിശ്വാസത്തിനു പിന്തുണ കൊടുക്കുകയാണ് ചെയ്യുന്നതെന്നും പരാമര്‍ശമുണ്ട്. ഇത്തരത്തില്‍ മുനവ്വറലി തങ്ങളുടെ ആശംസ സ്വന്തം മതത്തോട് കാണിക്കുന്ന വിശ്വാസ വഞ്ചനയാണ് കാണിക്കുന്നതെന്ന് തരത്തിലും കമന്റുകള്‍ നീളുന്നു.

അതേസമയം പോസ്റ്റിനെയും മുനവ്വറലി തങ്ങളേയും പിന്തുണച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു മതവിഭാഗത്തിന്റെ ആഘോഷങ്ങളില്‍ ഇതരമത വിശ്വാസികളും ഒത്തു ചേരുന്നത് കേരളത്തിന്റെ പാരമ്പര്യമാണ്.

മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങള്‍ തന്റെ സന്തോഷമാക്കി മാറ്റുന്നത് കേരളീയരുടെ ഗുണം ആണെന്നുള്ള തരത്തിലുള്ള കമന്റുകളും അക്കൂട്ടത്തിലുണ്ട്. മെറി ക്രിസ്മസ് നേര്‍ന്ന് മുനവറലി തങ്ങള്‍ക്ക് പിന്തുണ അറിയിച്ചവരും നിരവധിയാണ്.

Content Highlight: Sayyid Munavvar Ali Shihab Thangal wishes  Merry Christmas; Comments says that a true Muslim should not wish or celebrate Christmas