| Friday, 8th January 2016, 1:25 pm

സിനിമ ഹറാമല്ലെന്ന് പറഞ്ഞിട്ടില്ല: മുനവറലി ശിഹാബ് തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സിനിമ ഹറാമല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. താന്‍ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയതായി പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. പച്ചക്കുതിരയ്ക്ക് അനുവദിച്ച അഭിമുഖത്തെ തുടര്‍ന്നാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചത്.

സിനിമ വലിയൊരു കലയാണ്. ഇനി പഴയപോലെ സിനിമ ഹറാമാണെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ കഴിയില്ല എന്നാണ് അഭിമുഖത്തില്‍ മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. പ്രിയ്യപ്പെട്ട നടനാര് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാലിപ്പോള്‍ താന്‍ സിനിമ ഹറാമാണെന്നു പറഞ്ഞിട്ടില്ലെന്നും തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചതാണെന്നുമാണ് തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കുന്ന വിശദീകരണം. വിജ്ഞാന പ്രദമായ ചില ഡോക്യുമെന്ററീസ് സമൂഹത്തില്‍ നന്നായി സ്വാധീനം ഉറപ്പിക്കുന്നുണ്ടെന്നും അത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണെന്നുമുള്ള രീതിയിലാണ് അക്കാര്യം പറഞ്ഞത്. തന്റെ പരാമര്‍ശങ്ങളെ മതമൂല്യങ്ങള്‍ക്കെതിരെ വാളോങ്ങാനായി അസ്ഥാനത്ത് ഉപയോഗിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

“ഏതു മുസലിയാരോട് ചോദിച്ചാലും മമ്മൂട്ടിയെക്കുറിച്ച് അറിയാതിരിക്കില്ലല്ലോ. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വലിയ ഇഷ്ടമാണ്. സിനിമ വലിയൊരു കലയാണ്. ഇനി പഴയപോലെ സിനിമ ഹറാമാണെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ കഴിയില്ല. ടീച്ചിങ് മെത്തേഡ് തന്നെ മാറിക്കൊണ്ടിരിക്കുകയാണ്.. വീഡിയോ കമ്മ്യൂണിക്കേഷനാണ് ഇപ്പോള്‍ നടക്കുന്നത്. ക്ലാസ് മുറികളില്‍ പഠനത്തിന്റെ ഭാഗമായി ഡോക്യുമെന്ററികളും മറ്റും കാണിക്കുന്നുണ്ട്. “പി.കെ”യും “മൈ നെയിമീസ് ഖാനും” ഒക്കെ ഈ സമൂഹത്തില്‍ ചെലുത്തുന്ന ഒരു സ്വാധീനമുണ്ട്. സിനിമയ്ക്ക് ഒരു അറ്റന്‍ഷന്‍ സമൂഹത്തില്‍ കിട്ടുന്നുണ്ട്.” എന്നായിരുന്നു മുനവറലി ശിഹാബ് തങ്ങള്‍ മറുപടി നല്‍കിയത്.

ടിവിയിലൊക്കെ വരുമ്പോഴും വിമാനയാത്രയിലും താന്‍ സിനിമ കാണാറുണ്ടെന്നും എന്നാല്‍ തിയ്യേറ്ററില്‍ പോയി കാണാറില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം അഭിമുഖത്തില്‍ പറഞ്ഞ മറ്റു കാര്യങ്ങള്‍ അദ്ദേഹം നിഷേധിച്ചിട്ടില്ല.

മുനവറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ നല്‍കിയ വിശദീകരണം:

പച്ചക്കുതിരക്ക് അനുവദിച്ച അഭിമുഖത്തെ തുടര്‍ന്ന് ചില പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇനി സിനിമ ഹറാമല്ല എന്ന രീതിയില്‍ ഞാന്‍ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണ്. മതത്തിന്റെ ചട്ടക്കൂടിന് അപ്പുറത്തേക്ക് ഒരു അഭിപ്രായവും ഞാന്‍ രേഖപ്പെടുത്തിയിട്ടില്ല. വിജ്ഞാന പ്രദമായ ചില ഡോക്യുമെന്ററീസ് സമൂഹത്തില്‍ നന്നായി സ്വാധീനം ഉറപ്പിക്കുന്നുണ്ടെന്നും അത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണെന്നുമുള്ള രീതിയിലാണ് അക്കാര്യം പറഞ്ഞത്.

നല്ല സന്ദേശങ്ങള്‍ കൈമാറുന്ന അനവധി ഡോക്യുമെന്ററീസ് ഉണ്ട്. ഉമര്‍ (റ) വിനെ ക്കുറിച്ച് ഇറങ്ങിയ ഡോക്യുമെന്ററി പോലുള്ളവ ഈ ഗണത്തില്‍ പെടും. ഇത്തരം സിനിമകളിലൂടെ അവരുടെ ജീവിതത്തെക്കുറിച്ച് ഒന്നും അറിയാത്തവര്‍ക്ക് പോലും വലിയ സന്ദേശം നല്‍കാനായി എന്ന രീതിയിലായിരുന്നു അഭിമുഖത്തിലെ തന്റെ പരാമര്‍ശങ്ങള്‍. വളരെ സുവ്യക്തമായ പരാമര്‍ശങ്ങളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് മത മൂല്യങ്ങള്‍ക്കെതിരെ വാളോങ്ങാനായി ഇത് അസ്ഥാനത്ത് ഉപയോഗിക്കുന്നത് ഏറെ ഖേദകരമാണ്.

We use cookies to give you the best possible experience. Learn more