| Wednesday, 15th March 2023, 5:22 pm

പെണ്‍കുട്ടികള്‍ക്ക് സ്വത്ത് കൊടുക്കാനാണെങ്കില്‍ അതിന് ഇസ്‌ലാമില്‍ വേറെ വഴികളുണ്ട്; പ്രതികരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം പിന്തുടര്‍ച്ചാവകാശത്തെ ചൊല്ലിയുള്ള വിവാദങ്ങളില്‍ സംഘടന നിലപാട് വ്യക്തമാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആണ്‍മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് എല്ലാ സ്വത്തും പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ ശരീഅത്ത് നിയമങ്ങളില്‍ തന്നെ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതിനായി പുനര്‍വിവാഹം കഴിക്കേണ്ടതില്ലെന്നും നിലവിലെ ശരീഅത്ത് നിയമങ്ങള്‍ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ച ഷുക്കൂര്‍ വക്കീലിന്റെ കേസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഷുക്കൂര്‍ വക്കീല്‍ വീണ്ടും വിവാഹം കഴിച്ചത് മുസ്‌ലിം പിന്തുടര്‍ച്ചാവകാശത്തിന്റെ പരിധിയല്‍പ്പെടില്ല. പെണ്‍കുട്ടികള്‍ക്ക് മാത്രം സ്വത്ത് കൊടുക്കാനാണെങ്കില്‍ അവരുടെ പേരില്‍ എഴുതിവെച്ചാല്‍ മതി. അതിനൊക്കെ ഇസ്‌ലാമില്‍ വേറെ മാര്‍ഗങ്ങളുണ്ടല്ലോ? ഒന്നുകില്‍ അവരുടെ പേരില്‍ എഴുതി വെക്കുക അല്ലെങ്കില്‍ അവര്‍ക്ക് വസിയത്ത് ആയി നല്‍കുക.

അതിനായി പുതിയ വിവാഹ രീതി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നാണ് സമസ്തയുടെ നിലപാട്. സ്വത്തവകാശത്തിന്റെ കാര്യത്തിലാണെങ്കില്‍ ശരീഅത്ത് നിയമങ്ങളില്‍ മാര്‍ഗങ്ങളുണ്ട്. അത് പര്യാപ്തമല്ലെന്ന് തോന്നിയാല്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ പോരെ? ജിഫ്രി തങ്ങള്‍ പറഞ്ഞു.

അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് കാസര്‍ഗോട്ടെ അഭിഭാഷകനായ ഷുക്കൂര്‍ വക്കീലും പങ്കാളി ഷീന ഷുക്കൂറും സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്തത്. മുസ്‌ലിം പിന്തുടര്‍ച്ചവകാശ പ്രകാരം മൂന്ന് പെണ്‍മക്കളുള്ള താന്‍ മരണപ്പെട്ടാല്‍ മുഴുവന്‍ സ്വത്തുക്കളും തന്റെ മക്കള്‍ക്ക് ലഭിക്കില്ലെന്ന് പറഞ്ഞാണ് ഇരുവരും വിവാഹത്തിന് തയ്യാറായത്.

തീരുമാനത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിലാണ് സമസ്തയുടെ നിലപാട് വ്യക്തമാക്കി ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: Sayyid jifry koya thangal react on shukkoor vakkeel marriage

Latest Stories

We use cookies to give you the best possible experience. Learn more