ഹിന്ദുക്കള്‍ അക്രമാസക്തരാവില്ലെന്ന് പറയുന്നത് തെറ്റ്; പ്രഗ്യാ സിങ്ങ് താക്കൂറിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സീതാറാം യെച്ചൂരി
D' Election 2019
ഹിന്ദുക്കള്‍ അക്രമാസക്തരാവില്ലെന്ന് പറയുന്നത് തെറ്റ്; പ്രഗ്യാ സിങ്ങ് താക്കൂറിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th May 2019, 10:30 am

ന്യൂദല്‍ഹി: ഹിന്ദുക്കള്‍ അക്രമാസക്തരാവില്ലെന്ന് പറയുന്നത് തെറ്റാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഹിന്ദു ഭരണാധികാരികള്‍ ഹിംസ ചെയ്യുന്നവരാണെന്ന് മനസ്സിലാകുമെന്നും യെച്ചൂരി പറഞ്ഞു.

പാര്‍ലമെന്ററി സിസ്റ്റം എലക്ഷന്‍സ് ആന്റ് ഡെമോക്രസി എന്ന വിഷയത്തില്‍ ഭോപാലില്‍ നടന്ന സിംപോസിയത്തിലായിരുന്നു യെച്ചൂരിയുടെ പ്രസ്താവന. ഹിന്ദുക്കള്‍ ഹിംസയില്‍ വിശ്വസിക്കുന്നില്ല എന്ന മലേഗാവ് സ്‌ഫോടനത്തിലെ മുഖ്യപ്രതിയും ഭോപാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രഗ്യാ സിങ് താക്കൂറിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു യെച്ചൂരി.

‘മറ്റ് മതങ്ങളില്‍ വിശ്വസിക്കുന്നവരെ അക്രമാസക്തരായി ചിത്രീകരിക്കാനുള്ള മനപ്പൂര്‍വമായ ശ്രമമാണിത്’- യെച്ചൂരി പറയുന്നു. തെരഞ്ഞെടുപ്പിന്റ് ആദ്യ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ പരാജയം മണത്ത ബി.ജെ.പി തെരഞ്ഞെടുപ്പിന്റെ ആഖ്യാനം മാറ്റാന്‍ വേണ്ടിയാണ് പ്രഗ്യ സിങിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും യെച്ചൂരി പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, ഭോപാലിലെ പ്രഗ്യ സിങിന്റെ എതിരാളിയുമായ ദിഗ്‌വിജയ് സിങും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇറ്റലിയിലെ മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. സൈന്യത്തെ ‘ഹിന്ദൂകരിക്കാനുള്ള’ ശ്രമവും, ഹിന്ദുക്കളെ അക്രമണസജ്ജരാക്കാനുള്ള ആര്‍.എസ്.എസ്സിന്‍റെ ശ്രമവും ഇതിന്റെ ഭാഗമാണെന്നും യെച്ചൂരി പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ പൂര്‍ണപരാജയമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ യെച്ചൂരി രാജ്യം സുരക്ഷിതമായ കൈകളിലാണെന്ന് എങ്ങനെ പറയാന്‍ കഴിയും എന്നും ചോദിച്ചു.

എന്നാല്‍ പ്രതിപക്ഷത്തിന്റെ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ് പ്രസ്തുത പ്രസ്താവനയെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. ‘ഹിന്ദു മതത്തെ അപമാനിച്ചതിനും, കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതിനും, ഹിന്ദു പുരാണങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിനും യെച്ചൂരി മാപ്പ് പറയണം’- ബി.ജെ.പി വക്താവ് ജി.വി.എല്‍. നരസിംഹ റാവു പറഞ്ഞു.