കുനൂര്‍: ജനറല്‍ ബിപിന്‍ റാവത്തിന്റെയും 13 പേരുടേയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന്റെ ഭീതിയിലാണ് കുനൂരിലെ ജനങ്ങളിപ്പോഴും. അപകടം നടന്ന സമയത്ത് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നത് പ്രദേശവാസികളായിരുന്നു.
അപകടത്തില്‍പ്പെട്ട ബിപിന്‍ റാവത്ത് വെള്ളം ചോദിച്ചിരുന്നെങ്കിലും കൊടുക്കാന്‍ സാധിച്ചില്ലെന്ന് പ്രദേശവാസിയായ ശിവകുമാര്‍ മീഡിയവണിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായതെന്നും ആദ്യം വലിയൊരു ശബ്ദം മാത്രമാണ് കേട്ടതെന്നും ശിവകുമാര്‍ പറയുന്നു.
അപകടം നടന്ന സ്ഥലത്ത് വലിയ അളവില്‍ പുക ഉയര്‍ന്നിരുന്നുവെന്നും ആകെ ചെയ്യാന്‍ സാധിച്ചിരുന്നത് അപകടത്തിനിടയില്‍ ആരെങ്കിലും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ശിവകുമാര്‍ പറയുന്നു.
മൂന്നുപേര്‍ കാട്ടില്‍ പരിക്കേറ്റ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിളിച്ചുവെന്ന് ശിവകുമാര്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനും നടത്തുന്നതിനിടയില്‍ ബിപിന്‍ റാവത്ത് വെള്ളം ആവശ്യപ്പെട്ടിരുന്നെന്നും അതുകൊടുക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.
‘ ഗെറ്റ് സം വാട്ടര്‍ പ്ലീസ് എന്ന് അദ്ദേഹം ചോദിച്ചു. പക്ഷെ ആ അവസ്ഥയില്‍ വെള്ളം കൊണ്ടുവരുന്നത് പ്രയോഗികമല്ലായിരുന്നു,’ ശിവകുമാര്‍ പറയുന്നു.
തൊട്ടടുത്ത് വെള്ളം കിട്ടുന്ന സ്ഥലമില്ലായിരുന്നെന്നും റാവത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രധാന്യം നല്‍കിയതെന്നും ശിവകുമാര്‍ കൂട്ടിചേര്‍ത്തു.
രക്ഷപ്പെടുത്തുന്ന സമയത്ത് ബിപിന്‍ റാവത്താണിതെന്നും സംയുക്ത സൈനിക മേധാവിക്കാണ് അപകടം സംഭവിച്ചതെന്നും അറിയില്ലായിരുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞു.
വാഹനങ്ങള്‍ക്ക് കയറിവരാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ പരിക്കേറ്റവരെ പുതപ്പിച്ചാണ് റോഡിലേക്ക് ചുമന്ന് കൊണ്ടുപോയതെന്നും ശിവകുമാര്‍ പറഞ്ഞു.
അതേസമയം അപകടത്തില്‍ മരിച്ച എല്ലാ സൈനികരുടേയും മൃതദേഹം ദല്‍ഹിയിലെത്തിക്കുമെന്നും സൈനിക ബഹുമതികളോടെ ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹം സംസ്‌കരിക്കുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസം സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം. വ്യോമസേനയുടെ M17V5 ഹെലികോപറ്ററാണ് തകര്‍ന്നത്.
ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Says a local who came to the rescue about Bipin Rawat’s last minute