കൊച്ചി: ചെറുപ്പം മുതല്‍ നിറത്തിന്റെ പേരില്‍ നിരന്തരമായി വിവേചനം നേരിടുണ്ടെന്ന് തുറന്ന് പറഞ്ഞ് ഗായിക സയനോര ഫിലിപ്പ്. സിനിമാ പ്രാന്തന്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സയനോര ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
നഴ്‌സറിയില്‍ പഠിക്കുമ്പോള്‍ കുട്ടികളുടെ ഇടയില്‍ നിന്നും കറുത്തതുകൊണ്ട് മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടെന്നും സയനോര പറയുന്നു.
‘ നഴ്‌സറിയില്‍ പഠിക്കുമ്പോള്‍ അവിടെയുള്ള സീസോയില്‍ കയറിയിരുന്നു. അവിടെ വേറെയും കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. അതിലൊരു കുട്ടി അവരുടെ കൂടെ കളിക്കേണ്ടെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ ‘നീ കറുത്തതല്ലേ… നീ ഞങ്ങളുടെ കൂടെ കളിക്കേണ്ട’ എന്ന് പറഞ്ഞു. ഞാന്‍ ആകെ ഷോക്ക് ആയിപോയി. വീട്ടില്‍ ചെന്ന് കുറെ കരഞ്ഞു,’ സയനോര പറഞ്ഞു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു ഗ്രൂപ് ഡാന്‍സിന് പങ്കെടുക്കാന്‍ ഡാന്‍സ് ടീച്ചര്‍ എന്റെ പേര് സെലക്ട് ചെയ്തിട്ടും സ്‌കൂളിലെ ഒരു അധ്യാപിക തനിക്ക് നിറമില്ലാത്തതു കൊണ്ടാണ് പേര് ഇടാഞ്ഞതെന്ന് പറഞ്ഞെന്നും അവര്‍ പറഞ്ഞു. ഒരു വ്യക്തിയെയല്ല, പകരം സമൂഹത്തിന്റെ കാഴ്ചപാടിന്റെ പ്രശ്‌നത്തെയാണ് താന്‍ ചൂണ്ടിക്കാണിക്കുന്നതെന്നും സയനോര പറഞ്ഞു.
‘ സ്‌കൂളില്‍ ഗ്രൂപ്പ് ഡാന്‍സ് കളിക്കാന്‍ ഡാന്‍സ് ടീച്ചര്‍ എന്റെ പേര് സെലക്ട് ചെയ്തു. എന്നാല്‍ പിന്നീട് വന്ന ലിസ്റ്റില്‍ എന്റെ പേര് ഉണ്ടായിരുന്നില്ല. ഇത് ചോദിക്കാന്‍ ഒരു ടീച്ചറുടെ അടുത്ത് പോയപ്പോള്‍ അവര്‍ പറഞ്ഞു, നോക്കൂ സയനോര, കുട്ടി എത്ര മേക്കപ്പ് ചെയ്താലും അവരെ പോലെ നിറമാവില്ല. അതുകൊണ്ട് സ്‌കൂളിന് പോയിന്റ് നഷ്ടമാവും എന്ന്. അപ്പോഴാണ് എന്തോ പ്രശ്‌നമുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നത്,’ സയനോര പറഞ്ഞു.
കല്യാണ വീടുകളില്‍ പോയാലും നിറമില്ലാത്ത കല്യാണപെണ്ണിനെ കണ്ടാല്‍ അത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. കോമഡി പരിപാടികളിലടക്കം കറുത്ത് തടിച്ച ആളുകളെ കൊണ്ട് നിര്‍ത്തുമ്പോള്‍ ചിരിക്കാന്‍ വേണ്ടിയുള്ളതാണെന്ന ഒരു ബോധം നമ്മുടെയൊക്കെ ഉള്ളില്‍ സ്വാഭാവികമായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ആളുകളെ ബാധിക്കും.അതിനൊരുദാഹരണമാണ് താനെന്നും സയനോര പറഞ്ഞു. പക്ഷെ തന്റെ നിറമിതാണ് എന്ന് താന്‍ തിരിച്ചറിഞ്ഞത് മുതല്‍ ഹാപ്പിയാണെന്നും സയനോര പറയുന്നു.
പണ്ടൊക്കെ ആന്റിമാര്‍ കാണുമ്പോള്‍ ചോദിക്കും ‘അയ്യോ മോളെ ഫെയര്‍ ആന്‍ഡ് ലൗലി’ തേച്ചൂടെ എന്ന്. ഇപ്പോ അതിന്റെ പേരുമാറ്റി. അത് തനിക്ക് ഇഷ്ടമായി. പണ്ടു തൊട്ടേ ആ ഉത്പന്നം തനിക്ക് ഇഷ്ടമല്ലെന്നും സയനോര അഭിമുഖത്തില്‍ പറഞ്ഞു.
ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ക്യാംപയിന്‍ ഒക്കെ എല്ലാവരും ഏറ്റെടുക്കുമ്പോള്‍ നമ്മുടെ നാട്ടിലും ഇത് നടക്കുന്നുണ്ട് എന്ന് നമ്മള്‍ മനസ്സിലാക്കണം. ഇവിടെ തന്നെ വലിയ വലിയ സ്റ്റേജ് ഷോ കള്‍ നടക്കുമ്പോള്‍ താനടങ്ങുന്ന ആളുകളെ കാണാറില്ലെന്നും അവര്‍ പറയുന്നു.
‘ഞാനെപ്പോഴും ചിന്തിക്കാറുണ്ട്, വലിയ വലിയ സ്‌റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ എന്നെ കാണാറില്ല, രശ്മി സതീശിനെ കാണാറില്ല, പുഷ്പാവതിയെ കാണാറില്ല. അതെന്തുകൊണ്ടാണ്? കറുത്തതുകൊണ്ടായിരിക്കും. പക്ഷെ അവരൊക്കെ ഗംഭീര പാട്ടുകാരാണ്,’ സയനോര പറയുന്നു.
സമൂഹത്തില്‍ എല്ലായിടത്തും ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത് മാറണമെന്നും അവര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക