Kerala News
യുദ്ധത്തിന്റെ പ്രത്യാഘാതം അറിയാത്തവർ മുറവിളി കൂട്ടുന്നുവെന്ന് മേജർ രവി; എ.സി. മുറികളിൽ ഇരുന്ന് യുദ്ധം വേണമെന്ന് പറയാൻ എളുപ്പമാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 28, 11:18 am
Thursday, 28th February 2019, 4:48 pm
കൊച്ചി: എ.സി. മുറികളിൽ ഇരുന്നു യുദ്ധം വേണമെന്ന് പറയാൻ എളുപ്പമാണെന്നും യുദ്ധത്തിന്റെ പ്രത്യാഘാതം എന്താണെന്ന് അറിയാത്തവരാണ് അതിനു വേണ്ടി മുറവിളി കൂട്ടുന്നതെന്നും സംവിധായകനും മുൻ പട്ടാള ഉദ്യോഗസ്ഥനുമായ മേജർ രവി. ആണവായുധങ്ങൾ കൈവശമുള്ള രണ്ടു രാജ്യങ്ങൾ നേർക്കുനേർ നിൽക്കുമ്പോൾ ഇതല്ല പറയേണ്ടതെന്നും മേജർ രവി പറഞ്ഞു. മനോരമ ഓൺലൈനിനു അനുവദിച്ച അഭിമുഖത്തിലാണ് മേജർ രവി ഇക്കാര്യം പറയുന്നത്.
“കേരളത്തിലുള്ളവർക്ക് യുദ്ധത്തിന്റെ ഭീകരത അറിയില്ല. ജമ്മുവിൽ എനിക്ക് പോസ്റ്റിങ്ങ് ആയിരുന്ന സമയത്ത് ദിവസേന പതിനഞ്ചും പത്തും സ്ഫോടനങ്ങളും മൈ പൊട്ടിത്തെറികളുമാണ് നടക്കുക. യുദ്ധം വരുമ്പോൾ ഇതിന്റെ തോത് കൂടുകയാണ് ചെയ്യുക.” മേജർ രവി പറയുന്നു. ബുദ്ധിമോശം കൊണ്ട് പാകിസ്ഥാൻ അണ്വായുധം ഉപയോഗിക്കാൻ തീരുമാനിച്ചാൽ പത്ത് തലമുറകളോളമാണ് അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരിക. മേജർ രവി തനിക്കുള്ള ആശങ്ക വ്യക്തമാക്കി.
“യുദ്ധം വേണമെന്ന് പറയുന്നവരോട് എന്താണ് പറയാനുള്ളത്” എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മേജർ രവി. ആൾക്കാർ, അവരുടേതായ ഇടുങ്ങിയ ചിന്താഗതിയിൽ നിന്നും ചിന്തിക്കാതെ ഓരോന്ന് വിളിച്ചു പറയുകയാണെന്നും, ഒരു ആക്രമണം ഉണ്ടായാൽ ഒരു പ്രത്യാക്രമണം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മേജർ രവി പറഞ്ഞു. എന്നാൽ അത് അവിടം കൊണ്ട് തന്നെ അവസാനിക്കേണ്ടതാണെന്നും മേജർ പറഞ്ഞു.