| Wednesday, 11th November 2020, 4:47 pm

'സ്വതന്ത്ര മീഡിയകള്‍ക്കും നല്ല ഉള്ളടക്കങ്ങള്‍ ലഭിക്കുന്ന ഓണ്‍ലൈനുകള്‍ക്കും ബൈ ബൈ'; കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ ധ്രുവ് റാഠി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യദൂല്‍ഹി: ഇന്ത്യയില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവുമായി യൂട്യൂബര്‍ ധ്രുവ് റാഠി.

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം പോലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നിരിക്കുകയാണ്. സ്വതന്ത്ര മീഡിയയോടും നല്ല ഉള്ളടക്കങ്ങള്‍ ലഭിക്കുന്ന ഓണ്‍ലൈനുകളോടും ബൈ ബൈ പറയുക. അവയെല്ലാം ഇപ്പോള്‍ സെന്‍സര്‍ഷിപ്പിന് വിധേയമായിരിക്കും.

ഭാവിയില്‍ സെന്‍സര്‍ ചെയ്യാത്ത കണ്ടന്റുകള്‍ കാണണമെങ്കില്‍ വി.പി.എന്നിനെ കുറിച്ചും പ്രോക്‌സിയെ കുറിച്ചും മനസിലാക്കുന്നത് നന്നായിരിക്കും’, എന്നുമാണ് ധ്രുവ് റാഠി ഫേസ്ബുക്കില്‍ എഴുതിയത്.

ലോകത്തിന്റെ ഏതു കോണില്‍ സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടറുകളേയും തമ്മില്‍ ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിച്ച് ഒരു നെറ്റ്‌വര്‍ക്ക് രൂപപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് വി.പി.എന്‍.

ഇത്തരത്തിലുള്ള ഒരു നെറ്റ്‌വര്‍ക്കിലൂടെയുള്ള ആശയ വിനിമയം എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ഇവ സമ്പൂര്‍ണ്ണമായും പൊതു നെറ്റ്‌വര്‍ക്കുകളില്‍പെടാത്തതാണ്. അതുവഴി ഒരു രാജ്യത്ത് നിരോധിച്ച സൈറ്റുകള്‍ കാണുവാനും സാധിക്കും.

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ പോര്‍ട്ടലുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ സിനിമകള്‍ക്കും പരിപാടികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോം, വാര്‍ത്താ പോര്‍ട്ടലുകള്‍ എന്നിവയെ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കീഴിലാക്കിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.

ഇത്തരം പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കുക, നിരീക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് അറിയുന്നത്. ഇക്കാര്യം സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. നിലവില്‍, ഡിജിറ്റല്‍ കണ്ടന്റുകളെ നിയന്ത്രിക്കുന്ന നിയമമോ സര്‍ക്കാര്‍ സ്ഥാപനമോ ഇല്ല.

നിലവില്‍ അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ്. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനാണ് (എന്‍ബിഎ) ന്യൂസ് ചാനലുകളെ നിരീക്ഷിക്കുന്നത്. പരസ്യ ചിത്രങ്ങളെ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് നിയന്ത്രിക്കുന്നത്. സിനിമകളുടെ കാര്യത്തില്‍ ഇത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ആണ്.

ഒടിടി പ്ലാറ്റ്‌ഫോമുകളെ ഒരു പ്രത്യേക സമിതിയുടെ നിയന്ത്രിക്കുന്നതിനുള്ള അപേക്ഷയില്‍ കഴിഞ്ഞ മാസമായിരുന്നു സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്. കേന്ദ്രസര്‍ക്കാര്‍, കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം, ഇന്റര്‍നെറ്റ്, മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയ്ക്ക് സുപ്രീം കോടതി നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

നിലവില്‍ ഒടിടി സ്ട്രീമിങ്, വ്യത്യസ്ത ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമില്ലാതെ തന്നെ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കും കലാകാരന്മാര്‍ക്കും അവരുടെ സിനിമകളും സീരീസുകളും പുറത്തിറക്കാന്‍ സാധിക്കും. എന്നാല്‍ ഇതില്‍ നിയന്ത്രണങ്ങള്‍ വേണമെന്നായിരുന്നു ആവശ്യം.

ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട ആവശ്യമുണ്ടെന്നും വിദ്വേഷ പ്രചരണങ്ങളെ നിയന്ത്രിക്കാനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും ഇതിനായി കോടതി ആദ്യം ഒരു പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മാധ്യമ സ്വാതന്ത്ര്യത്തെ തടയുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നായിരുന്നു കഴിഞ്ഞ വര്‍ഷം വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Say bye bye to independent media and good content onlineDruv Rathee

We use cookies to give you the best possible experience. Learn more