ന്യൂദല്‍ഹി: ഫെബ്രുവരിയില്‍ വടക്ക്-കിഴക്ക് ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ പ്രധാന തെളിവായി ദൃക്സാക്ഷി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച ഫോണ്‍ കോള്‍.
ആയുധങ്ങളുമായി എത്തിയ ഒരു സംഘം മുസ്ലിം പുരുഷന്മാരെ തിരിച്ചറിഞ്ഞ് കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ എറിയുകയും ചെയ്തതിന്റെ വിശദാംശങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പങ്കുവെച്ചത് ഇദ്ദേഹമാണ്.
ഫെബ്രുവരി 26 ന് രാത്രി 10.05 ന് നടത്തിയ പി.സി,ആര്‍ കോളിന്റെ റെക്കോര്‍ഡ് വിശദാംശങ്ങളില്‍ ആമിന്‍, ഭുരേ അലി, ഹംസ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദല്‍ഹി പൊലീസിന്റെ കുറ്റപത്രങ്ങളില്‍ ഉണ്ടെന്നാണ് വിവരം.
അതില്‍ ഒരു മുസ്‌ലിം പുരുഷന്റെ ബൈക്കിന് തീകൊളുത്തിയ സംഭവത്തെക്കുറിച്ചും രക്ഷപ്പെടാന്‍ അദ്ദേഹം അഴുക്കുചാലിലേക്ക് ചാടിയതായും വിളിച്ചയാള്‍ പൊലീസിനെ അറിയിച്ചിരുന്നു.
കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചയാള്‍ ഗംഗാ വിഹാര്‍ നിവാസിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ പ്രസ്താവന ഇപ്പോള്‍ ഒരു പ്രധാന തെളിവാണ്.
കുറ്റപത്രം പ്രകാരം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ആദ്യം ഫോണ്‍ ചെയ്യുന്നത് 10.5 നാണ്.
” ഒരു ഹിന്ദുവാണ് ഫോണ്‍ ചെയ്യുന്നത്. ഹിന്ദുക്കള്‍ ഒരു മുസ്‌ലിമിന്റെ ബൈക്കിന് തീവെച്ചു. അവര്‍ അദ്ദേഹത്തെയും തീ കൊളുത്താന്‍ പോയി, അദ്ദേഹം അഴുക്ക് ചാലിലേക്ക് ചാടി,” കുറ്റപത്രത്തില്‍ പറയുന്നു.
20 മിനുട്ടിന് ശേഷം അതേ ആള്‍ തന്നെ വീണ്ടും വിളിക്കുകയും മുസ്‌ലിങ്ങള്‍ അവരുടെ ബൈക്കുകള്‍ക്ക് തീയിടുകയും ചെയ്യുന്നതായും അറിയിച്ചു.
”ഫെബ്രുവരി 24 ന് വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്ന ഇയാളുടെ ബൈക്കിന് മുന്നിലൂടെ കലാപകാരികള്‍ കടന്നുപോവുകയും ബ്രേക്ക് ഇടാന്‍ ശ്രമിച്ചപ്പോള്‍ ഇദ്ദേഹം വീഴുകയും ചെയ്തു. എഴുന്നേറ്റപ്പോള്‍ തന്റെ ബൈക്ക് നഷ്ടപ്പെട്ടതായി മനസ്സിലായി. പിന്നാലെ ഇദ്ദേഹം പി.സി.ആര്‍ കോള്‍ വിളിച്ചു. ഗോകുല്‍പുരിലെ പൊലീസ് സ്‌റ്റേഷനിലേക്ക് പോയി.സ്ഥിതിഗതികള്‍ ഭീകരമായതിനാല്‍ അടുത്ത ദിവസം വരാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ പരാതി നല്‍കാന്‍ കഴിഞ്ഞില്ല,”
കുറ്റപത്രത്തില്‍ പറയുന്നു.
അടുത്ത ദിവസം വൈകുന്നേരം നാല് മണിക്ക് ഗൊഗല്‍പൂരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ വലിയൊരാള്‍ക്കൂട്ടം വാളും കല്ലും വടികളും ഇരുമ്പ് ദണ്ഡും പിടിച്ച് ജയ് ശ്രീരാം… ഹര ഹര മഹാദേവ് എന്നിങ്ങനെ വിളിക്കുന്നത് കണ്ടെന്നും, ആളുകളെ പരിശോധിക്കുകയും മുസ്‌ലിം ആണെന്ന് മനസ്സിലായി അടുക്കുകയും കൊല്ലുകയും ബോഡികള്‍ വലിച്ചെറിയുകയും ചെയ്‌തെന്നും, ആള്‍ക്കൂട്ടത്തിലെ ഭൂരിഭാഗം പേരും ഹെല്‍മെറ്റ് പോലുള്ളവ വെച്ച് മുഖം മറച്ചിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ദല്‍ഹി കലാപത്തിലെ പ്രധാന തെളിവാണ് ഇദ്ദേഹം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ചെയ്ത ഫോണ്‍ കോള്‍.
ഫെബ്രുവരിയില്‍ പൊട്ടിപ്പുറപ്പെട്ട വടക്ക്-കിഴക്ക് ദല്‍ഹി കലാപം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കട്ടര്‍ ഹിന്ദു ഏക്ത എന്ന പേരില്‍ തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പാണ് കലാപത്തിലേര്‍പ്പെട്ട ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഗോകുല്‍പുരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭാഗിരഥി വിഹാറില്‍ മുസ്‌ലിങ്ങളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഒമ്പത് പേര്‍ ഈ ഗ്രൂപ്പിലെ അംഗങ്ങളാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ