ന്യൂദല്‍ഹി: ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കു ചേക്കേറിയ മുന്‍ എം.പി സാവിത്രി ഭായ് ഫുലെ അവിടെനിന്നും രാജിവെച്ചു. തന്റെ വാക്കുകള്‍ കോണ്‍ഗ്രസ് കേള്‍ക്കുന്നില്ലെന്നാരോപിച്ചാണ് രാജി. താന്‍ സ്വന്തമായി പാര്‍ട്ടിയുണ്ടാക്കുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് എം.പിയായിരുന്ന ഫുലെ ഈ വര്‍ഷം മാര്‍ച്ച് മൂന്നിനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു അവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ദളിത് നേതാവായിരുന്ന ഫുലെ കഴിഞ്ഞ വര്‍ഷം ബി.ആര്‍ അംബേദ്കറുടെ ചരമ വാര്‍ഷിക ദിനത്തിലാണ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചത്. ഭരണകക്ഷിയായ ബി.ജെ.പി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്നാരോപിച്ചായിരുന്നു ഫുലെയുടെ രാജി.
തൊഴില്‍ രംഗത്ത് ദളിതര്‍ക്കുള്ള സംവരണം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്ത് ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചെന്നും ഫുലെ തുറന്നടിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഹനുമാന്റെ ജാതിയുമായി ബന്ധപ്പെട്ട് പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫുലെ രൂക്ഷമായി പ്രതികരിച്ചിരുന്നു. തുടര്‍ന്നായിരുന്നു പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. മുന്‍പ് ബി.എസ്.പിയിലും ഫുലെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2014-ല്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച ഫുലെ 4.6 ലക്ഷം വോട്ടിനാണ് ബഹ്‌റൈച്ചില്‍ നിന്നു ജയിച്ചത്.